ഓട്ടോ തൊഴിലാളികൾ ഇനി ഖാദി യൂണിഫോമണിയും

കണ്ണൂർ : ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന പയ്യന്നൂർ ഖാദിയുടെ പാരമ്പര്യത്തിനൊപ്പം ചേർന്ന് പയ്യന്നൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളും. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തിൽ പയ്യന്നൂരിലെ നാനൂറോളം തൊഴിലാളികൾ ഖാദി യൂണിഫോമിലേയ്ക്ക് മാറിയത്.
ഖാദി യൂണിഫോമിന്റെ വിതരണവും ഓട്ടോ തൊഴിലാളികളുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സുരക്ഷാ ആനുകൂല്യ വിതരണവും നടത്തി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനംചെയ്തു. കെ.വി.ചന്ദ്രൻ അധ്യക്ഷനായി.
സുരക്ഷാ ആനുകൂല്യ വിതരണം ടി.വി.രാജേഷും അനുമോദനം പി.വി. കുഞ്ഞപ്പനും നിർവഹിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, യു.വി. രാമചന്ദ്രൻ, പി.വി. പദ്‌മനാഭൻ, കെ. ചന്ദ്രൻ, എം.ടി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.