കണ്ണൂരിലെ വീട്ടില്‍ സൂക്ഷിച്ചത് 61 കിലോ കഞ്ചാവ്; ഒരാള്‍ പിടിയില്‍, രണ്ടാമന്‍ ഓടിരക്ഷപ്പെട്ടു

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച 61 കിലോ കഞ്ചാവും അരലക്ഷം രൂപയും കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. ഉളിക്കല്‍ കെ.ആര്‍. പറമ്പിലെ ഇല്ലിക്കല്‍ വീട്ടില്‍ ഇ. റോയി (34) ആണ് പിടിയിലായത്. എളയാവൂര്‍ വൈദ്യര്‍പ്പീടികയ്ക്കടുത്ത് ഷാഗില്‍ നിവാസില്‍ ഷാഗില്‍ (32) ആണ് ഓടിരക്ഷപ്പെട്ടത്.
പ്ലാസ്റ്റിക് പൊതികളാക്കി സൂക്ഷിച്ച കഞ്ചാവ് ഷാഗിലിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്. ആന്ധ്രയില്‍നിന്ന് ഏജന്റുമാര്‍ മുഖേന എത്തിക്കുന്ന കഞ്ചാവ് ജില്ലയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരില്‍ ഇതേ കുറ്റത്തിന് വേറെയും കേസുകളുണ്ട്.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. വിനുമോഹന്‍,എസ്.ഐ. ടി. മഹിജന്‍, എ.എസ്.ഐ. എം. അജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്, മഹേഷ്, മിഥുന്‍, ഷിജി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.