പൊതുവിഭാഗത്തിലെ 28 ലക്ഷം കുടുംബങ്ങൾ റേഷന് പുറത്തേക്ക്

പൊതുവിഭാഗത്തിൽപ്പെട്ട (വെള്ളക്കാർഡ്) 28.20 ലക്ഷം കുടുംബങ്ങൾ റേഷൻ സംവിധാനത്തിൽനിന്നു പുറത്തേക്ക്. അരിവിഹിതം രണ്ടുകിലോയായി കുറച്ചതിനുപിന്നാലെ ആട്ടവിതരണവും നിർത്തി. ഓണത്തിനനുവദിച്ച 10 കിലോ സ്പെഷ്യൽ അരിവിതരണം ഈ മാസം ഏഴോടെ അവസാനിക്കുന്നതോടെ ഈ വിഭാഗങ്ങൾക്ക് റേഷൻകടയിലേക്ക് പോകേണ്ടിവരില്ല.
ജൂലായിൽ 10 കിലോ അരി സാധാരണ റേഷൻവിഹിതമായി ലഭിച്ചിരുന്നു. ഓഗസ്റ്റായപ്പോൾ എട്ടുകിലോയായി കുറഞ്ഞു. രണ്ടുകിലോവരെ ആട്ടയും കിട്ടിയിരുന്നു. എന്നാൽ, ഈ മാസം മുതൽ റേഷൻവിഹിതം രണ്ടുകിലോ മാത്രമായി. മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കൽ അരലിറ്റർ മാത്രമാണ് ലഭിക്കുക.
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നവർക്കു മാത്രമായി റേഷൻ പരിമിതപ്പെടുത്താൻ ഏറെക്കാലമായി കേന്ദ്രം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ വാർഷിക റേഷൻവിഹിതം 16.04 ലക്ഷം ടണ്ണിൽനിന്ന് 14.25 ലക്ഷമായി കുറച്ചു. എന്നാൽ, റേഷൻ വാങ്ങാത്തവരുടെ വിഹിതം മിച്ചംവരുന്നതുകൊണ്ടാണ് കേരളം ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്ക് റേഷൻ നൽകിയിരുന്നത്.
ഓണക്കാലത്ത് കേന്ദ്രം പ്രത്യേകമായി ഭക്ഷ്യധാന്യം അനുവദിക്കുന്നതാണ്. ഇക്കുറി നൽകാത്തതിനാൽ നീല, വെള്ള കാർഡുകാർക്ക് 10 കിലോ വീതം സ്പെഷ്യൽ അരി നൽകാൻ മിച്ചമുള്ള അരിയാണു നീക്കിവെച്ചത്. അതുതന്നെ പലയിടത്തും എത്താനുണ്ട്. വരുംമാസങ്ങളിൽ മിച്ചംവരുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി വെള്ളക്കാർഡുകാരുടെ റേഷൻ നിശ്ചയിക്കുക. നീലക്കാർഡുകാർക്കും ഈമാസം ആട്ടയില്ല.