വരുമാനവും ഭൂമിയുമുള്ളവർക്ക് സാമൂഹ്യ സുരക്ഷ പെൻഷന് അഹതയുണ്ടാവില്ല
കണ്ണൂർ : പരിധിയിലധികം വരുമാനവുംഭൂമിയുമുള്ളവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത്, നഗര സഭ സെക്രട്ടറിമാർക്ക് പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി.
അപേക്ഷകൻ അല്ലെങ്കിൽ ഗുണഭോക്താവിവിന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ട് ഏക്കറിലധികം വസ്തു ഉള്ളവരെ പട്ടികയിൽ നിന്ന് ഒഴിവാക്കും. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉത്തരവ് ബാധകമല്ല. വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെയും പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും. ഈ വിഭാഗത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കാനായി രജിസ്ട്രേഷൻ വകുപ്പിന്റെയും പെൻഷൻ വെബ് സൈറ്റ് ആയ സേവനയും ഉടൻ ഇന്റഗ്രേറ്റ് ചെയ്യണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
2023 ഫെബ്രുവരി 28 നകം ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിമാർക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് 2023 മാർച്ച് മുതൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കില്ല. വരുമാനസർട്ടിഫിക്കറ്റ ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുന:സ്ഥാപിച്ച് നൽകണം. സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹയുണ്ടായിരിക്കില്ല.