സ്ഥിരം ലഹരിക്കേസ് പ്രതികളെ കരുതൽ തടങ്കലിലാക്കും, നിരീക്ഷിക്കും; അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാവുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കോൺഗ്രസ് എം എൽ എ പി സി വിഷ്ണുനാഥ് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. 2022ൽ മാത്രം 16,228 ലഹരിക്കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് അടിയന്തരപ്രമേയത്തിൽ വിഷ്ണുനാഥ് ചൂണ്ടിക്കാട്ടിയതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേയ്ക്ക് എത്തിയെന്നും ഇതിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയെന്നോണം സഭയിൽ വ്യക്തമാക്കി. വിഷയം അതീവഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സ്ഥിരം ലഹരിക്കേസുകളിൽ അറസ്റ്റിലാവുന്നവരെ കരുതൽ തടങ്കലിലാക്കും. പൊലീസും എക്സൈസും ഒരുമിച്ച് നടപടികൾ സ്വീകരിക്കും. ഇതിനായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കേസിൽ ഉൾപ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി സൂക്ഷിക്കും. ഇത്തരക്കാരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമീപനാളുകളിൽ ലഹരിക്കടത്തും വിൽപ്പനയും പിടിക്കപ്പെടുന്നതിന്റെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത് സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിന്തറ്റിക്- രാസലഹരി വസ്തുക്കളുടെ ഉപയോഗമാണ് കഞ്ചാവ് ഉപയോഗത്തെക്കാൾ നിലവിൽ ഭീഷണിയാവുന്നത്. എൻഫോഴ്‌സ്‌മെന്റിന് പുറമേ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ഈ വിപത്ത് തടയുന്നതിനായി ഏകോപിതമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.2020, 2021, 2022 എന്നീ വർഷങ്ങളിലെ ലഹരി ഉപയോഗവും കച്ചവടവുമായി ബന്ധപ്പെട്ട കണക്കുകളും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. 2020ൽ 4,650 ഉം 2021ൽ 5,334 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ൽ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകൾ രജിസ്റ്റർ ചെയ്തു. 2020ൽ 5,674 പേരെയും 2021ൽ 6,704 പേരെയും അറസ്റ്റ് ചെയ്തു. 2022ൽ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എ.യും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വർഷം പിടിച്ചെടുത്തു.