വിദേശത്തുനിന്ന് വരുന്നവർക്ക് ലഭ്യമായ വാക്സിനെടുക്കാൻ അനുമതി
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവർക്ക് സംസ്ഥാനത്ത് ലഭ്യമാകുന്ന കോവിഡ് വാക്സിൻ രണ്ടാംഡോസായോ കരുതൽഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് ഒരു ഡോസോ രണ്ടു ഡോസോ എടുത്ത് ഇന്ത്യയിലെത്തിയവർക്ക് അതേ വാക്സിൻ ലഭ്യമാകാത്തത് പ്രയാസമുണ്ടാക്കുന്നതായി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാർശപ്രകാരമാണ് നടപടി. വിദേശത്തുനിന്ന് വരുന്നവരുടെ വാക്സിനേഷന് പോർട്ടലിൽ മാറ്റംവരുത്തിയിട്ടുണ്ട്. 12 മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് കോർബിവാക്സും 15 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്സിനുമാണ് ലഭിക്കുക.
12 വയസ്സിനു മുകളിലുള്ള മുഴുവൻപേരും വാക്സിനെടുക്കണം. 18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാംഡോസ് എടുത്ത് ആറുമാസത്തിനുശേഷം കരുതൽഡോസ് എടുക്കാം. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്തു പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽഡോസ് എടുക്കാം. 18-ന് മുകളിലുള്ളവർക്ക് കരുതൽഡോസ് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമാണ്. സൗജന്യം സെപ്റ്റംബർ അവസാനംവരെയേ ലഭിക്കൂ.