മാവേലിയെ ആവശ്യമുണ്ട്

കണ്ണൂർ : ‘മാവേലിയായി അഞ്ച് ദിവസത്തേക്ക് നിൽക്കാൻ നല്ല ഉയരവും അതിനൊത്ത വണ്ണവും കുടവയറുമുള്ളവരെ ആവശ്യമുണ്ട്. ശമ്പളം 900 രൂപ+ബാറ്റ…ഫോൺ:….’ കുറെ ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുവരുന്ന പോസ്റ്റുകളിലൊന്നാണിത്.
പരസ്യം എത്രമാത്രം സത്യന്ധമായാലും അല്ലെങ്കിലും സംഗതി ക്ലിക്കാണ്. ഈ പരസ്യത്തിലെ മാവേലിയിൽനിന്ന് തീർത്തും വ്യത്യസ്തനായ മറ്റൊരു മാവേലി പ്രജകളെ സന്ദർശിക്കാനിരിക്കുന്നതേയുള്ളൂ. അമിതവണ്ണമില്ല, പൂണൂലില്ല, വെളുത്ത നിറമില്ല, ആടയാഭരണങ്ങളില്ല..
‘ഓഫ്‍ബീറ്റ്’ മാവേലിയെ അവതരിപ്പിക്കുന്നത് തലശ്ശേരി ബ്രണ്ണൻ കോളേജ് യൂണിയനാണ്. വ്യത്യസ്തനായ മാവേലിയെ കാണാൻ സെപ്റ്റംബർ രണ്ടിന് കോളേജിലെ ഓണാഘോഷ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ഓണത്തുമ്പിയുടെ ആഗ്രഹം. ബ്രണ്ണന്റെ ചുവടുപിടിച്ച് മടപ്പള്ളി കോളേജ് ഉൾപ്പെടെയുള്ള ചില കലാലയങ്ങളും ഇതേ ആശയവുമായി രംഗത്തെത്തിയിട്ടുണ്ടത്രേ. അവധിക്ക് മുന്നോടിയായി സെപ്റ്റംബർ ഒന്നിനും രണ്ടിനുമാണ് ഇത്തവണ സ്കൂളുകളിലെയും കലാലയങ്ങളിലെയും ഓണാഘോഷങ്ങൾ.