വോട്ടർപ്പട്ടികയും ആധാറും ബന്ധിപ്പിക്കൽ: ബി.എൽ.ഒ.മാർക്ക് സമ്മാനവുമായി കമ്മീഷൻ

വോട്ടർപ്പട്ടികയും ആധാർ കാർഡും ബന്ധിപ്പിക്കാൻ സമ്മാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ 25-നകം ജില്ലയിൽ കൂടുതൽ വോട്ടർമാരെ ആധാറുമായി ബന്ധിപ്പിക്കുന്ന ബൂത്ത് ലെവൽ ഓഫീസർക്ക് 7500 രൂപ നൽകുമെന്നാണ് കമ്മിഷന്റെ പ്രഖ്യാപനം. രണ്ടാംസ്ഥാനക്കാരന് 5000 രൂപ നൽകും.
നേരത്തെ വോട്ടർമാരെക്കൊണ്ടുതന്നെ ഇതുചെയ്യിക്കാൻ കമ്മിഷൻ ശ്രമം നടത്തി. ഗരുഡ ആപ്പ് ഉപയോഗിച്ച് ചെയ്യിക്കാനായിരുന്നു ശ്രമം. എന്നാൽ വലിയ പ്രതികരണം കിട്ടിയില്ല. ഇതോടെയാണ് ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ.) രംഗത്തിറക്കിയത്. വോട്ടർമാരെക്കണ്ട് ആധാർ ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ലിങ്ക് ചെയ്യുന്നവർക്കാണ് സമ്മാനം.
ആൻഡ്രോയിഡ് ഫോണിൽ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. വോട്ടർ രജിസ്ട്രേഷൻ ഓപ്ഷൻ അമർത്തി അവസാന ഓപ്ഷനായ ഇലക്ടറൽ ഓതന്റിഫിക്കേഷൻ ഫോം ആറ് ബി. തിരഞ്ഞെടുക്കുക. ഒ.ടി.പി.ക്കുള്ള മൊബൈൽഫോൺ നമ്പർ ടൈപ്പ് ചെയ്തശേഷം നമ്പർ വെരിഫൈ ചെയ്യണം. പിന്നീട് എനിക്ക് വോട്ടർ ഐ.ഡി. കാർഡ് നമ്പറുണ്ട് (യെസ്, ഐ. ഹാവ് വോട്ടർ ഐ.ഡി. കാർഡ് നമ്പർ) എന്ന ഓപ്ഷനിൽ നെക്സ്റ്റ് തിരഞ്ഞെടുത്ത് ഐ.ഡി. നമ്പറും സംസ്ഥാനവും നൽകി ഫെച്ച് അമർത്തി മറ്റു വിവരങ്ങൾ നൽകുക. നൽകിയ വിവരങ്ങൾ ശരിയെന്നുറപ്പാക്കി മുന്നോട്ട് (പ്രൊസീഡ്) പോകുക. സ്ക്രീനിൽ തെളിയുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചുവെക്കുക.