പൂളക്കുറ്റി, സെമിനാരിവില്ല പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടി

നിടുംപൊയിൽ : പൂളക്കുറ്റി, സെമിനാരി വില പ്രദേശങ്ങളിൽ ബുധനാഴ്ച സന്ധ്യയോടെ വീണ്ടും ഉരുൾപ്പൊട്ടി.നേരത്തെ ഉരുൾപ്പൊട്ടിയ പ്രദേശത്താണ് ബുധനാഴ്ചയും ഉരുൾപൊട്ടലുണ്ടായത്.തുടർച്ചയായി ഉരുൾപ്പൊട്ടലുണ്ടാവുന്നത് പ്രദേശവാസികളിൽ ഭീതി പടർത്തിയിട്ടുണ്ട്.
ഞായറാഴ്ചയും ഇവിടെ ഉരുൾപ്പൊട്ടിയിരുന്നു.മഴ നിലച്ചിട്ടും മണിക്കൂറുകളോളം മലവെള്ളപ്പാച്ചിൽ ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിൽ തന്നെയാണ് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. വനത്തിനുള്ളിലെ പ്രദേശമായതിനാൽ രാത്രിയിൽ ഉരുൾപൊട്ടലിന് തീവ്രത മനസ്സിലാക്കാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. കാഞ്ഞിരപ്പുഴയിലും പ്രദേശത്തെ മറ്റു തോടുകളിലും മലവെള്ളപ്പാച്ചിലുമുണ്ടായി.
ഓഗസ്തിൽ മാത്രം നാല് തവണയാണ് പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായത്. ജനങ്ങളെല്ലാം കടുത്ത ഭീതിയിലാണെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ പറഞ്ഞു. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കം പഞ്ചായത്തിനു കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്ന് അദേഹം പറഞ്ഞു.