സി.ഐ.യുടെ യൂനിഫോമിൽ വാഹന പരിശോധന നടത്തുന്ന യുവാവ് അറസ്റ്റിൽ

Share our post

പിലാത്തറ: പരിയാരം സി.ഐ.യാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന അടക്കം നടത്തിവന്ന യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ. ജഗദീഷിനെയാണ്(40) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പോലീസ് വേഷത്തില്‍ റോഡില്‍ വാഹന പരിശോധന ഉള്‍പ്പടെ നടത്തിവരികയായിരുന്നു. പ്രവാസിയായിരുന്ന ഇയാള്‍ പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. നിലവില്‍ പരിയാരം സ്‌റ്റേഷനില്‍ സി.ഐ. ഇല്ല. ഇത് ശ്രദ്ധയില്‍ പെട്ട ചിലരാണ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. പോലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വൈകീട്ട് പയ്യന്നൂര്‍ കോറോത്ത് വാഹനപരിശോധന നടത്തിവരുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തി ഉപദേശം നല്‍കി വിടുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് വേഷത്തോടുള്ള അമിതമായ താല്‍പര്യമാണ് സി.ഐ.യായി വേഷം കെട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചത്. നാടകത്തില്‍ ഉപയോഗിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂരിലെ ഒരു തയ്യൽ കടയിൽ നിന്നാണ് ജഗദീഷ് യൂണിഫോം തയ്ച്ച് വാങ്ങിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വേഷത്തില്‍ ടിക് ടോക്കിലും ഇയാല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്പെഷൽ ബ്രാഞ്ചിലെ ദിലീപ്, വി.രാജീവൻ എന്നിവരാണ് പോലീസ് വേഷത്തിൽ വാഹന പരിശോധന നടത്തവെ ഇദ്ദേഹത്തെ വലയിലാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!