12,000 രൂപയിൽ താഴെയുള്ള സ്മാർട് ഫോൺ വിൽപന നിരോധിക്കില്ലെന്ന് കേന്ദ്ര മന്ത്രി

12,000 രൂപയ്ക്ക് താഴെയുള്ള ലോ-ബജറ്റ് സ്മാർട് ഫോണുകൾ നിരോധിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 12,000 രൂപയിൽ താഴെയുള്ള സ്മാർട് ഫോൺ വിൽപന തടയുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
വിദേശ ബ്രാൻഡുകൾ, പ്രത്യേകിച്ച് ചൈനീസ് ബ്രാൻഡുകൾ നിരോധിക്കുമെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എന്നാൽ ഇന്ത്യ ആഭ്യന്തര ബ്രാൻഡുകൾ കൂടുതൽ മുന്നേറ്റം നടത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖർ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ ദേശീയ ടെക് കമ്പനികളെ ഈ മേഖലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ മൊബൈൽ ബ്രാൻഡുകളോട് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു. ചില ചൈനീസ് ബ്രാൻഡുകളോട് ഇന്ത്യയിൽ നിന്നുള്ള നിർമാണം വർധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തെ വിപണിയിൽ നിന്ന് നിരോധിക്കാനുള്ള പദ്ധതികളില്ലെന്നും ഐ.ടി മന്ത്രി വ്യക്തമാക്കി.
അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ 30,000 കോടി ഡോളർ (ഏകദേശം 23,90,500 കോടി രൂപ) ഇലക്‌ട്രോണിക്‌സ് ഉൽപാദനം കൈവരിക്കാൻ സർക്കാർ പ്രതീക്ഷിക്കുന്നു. അതേസമയം, ഇപ്പോഴത്തെ ഉൽപാദനം ഏകദേശം 7600 കോടി ഡോളറാണ് (ഏകദേശം 6,05,600 കോടി രൂപ).