ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല; ചികിത്സ വൈകി രോഗി മരിച്ചു

ആംബുലൻസിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ അകത്തുകുടുങ്ങിയ രോഗി മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഫറോക്ക് കരുവൻതിരുത്തി എസ്.പി ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്. കോയമോനെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം ഗവ. ബീച്ച് ആസ്പത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ ആംബുലൻസിന്റെ വാതിലാണ് തുറക്കാൻ കഴിയാതെ വന്നത്.
അരമണിക്കൂറോളമാണ് കോയമോൻ ആംബുലൻസിന്റെ അകത്തുകുടുങ്ങിയത്. ഒരു ഡോക്ടറും രണ്ട് സുഹൃത്തുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ് കോയമോൻ.