ആസ്വദിക്കാം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ; മലപ്പട്ടം മുനമ്പ് കടവ് നിർമാണപ്രവർത്തനം അന്തിമഘട്ടത്തിൽ

ശ്രീകണ്ഠപുരം : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ അവസാന ഘട്ടത്തിലെത്തിയതോടെ ടൂറിസ്‌റ്റുകളെ ആകർഷിക്കുന്നതിന് മാസ്റ്റർ പ്ലാനുമായി മലപ്പട്ടം ടൂറിസം സൊസൈറ്റി. മലയോര മേഖലയുടെ മുഖഛായ മാറുന്ന പദ്ധതിയാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.
ബോട്ട് യാത്രചെയ്ത് മലപ്പട്ടത്ത് എത്തുന്ന വിനോദ സഞ്ചാരികളെ മറ്റു ടൂറിസം കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കും. കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്പിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവിൽനിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി. ഇവിടെയെത്തുന്ന സഞ്ചാരികളെ പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലെത്തിക്കാൻ വാഹന സൗകര്യമേർപ്പെടുത്തും. വൈകിട്ട് ബോട്ട് ജെട്ടിയിൽ തിരിച്ചെത്തിക്കും. നാടൻ കലാരൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിര, തെയ്യം തുടങ്ങിയവ കാണാൻ സൗകര്യം ഏർപ്പെടുത്തും.
മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശ സഞ്ചാരികൾക്കൊപ്പം തെയ്യം പ്രേമികളെയും ആകർഷിക്കുന്ന രീതിയിലാണ് മാസ്റ്റർപ്ലാൻ.
മലപ്പട്ടം മുനമ്പ് കടവ് നിർമാണപ്രവർത്തനം അന്തിമഘട്ടത്തിൽ
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ അവസാനഘട്ടത്തിൽ. വളപട്ടണം, കുപ്പം എന്നീ പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്. 80.37 കോടിയാണ് പദ്ധതിച്ചെലവ്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിലാണ് നിർമാണപ്രവർത്തനങ്ങൾ. ഇവിടെ 3.85 കോടി ചെലവിലാണ് നിർമാണം. 71 ലക്ഷം രൂപയുടെ രണ്ട് ബോട്ട് ജെട്ടികൾ, നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്‌കോർട്ട്, കരകൗശല ഉൽപ്പന്നങ്ങളുടെ നിർമാണം തത്സമയം കാണുവാനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമായി അഞ്ച് ആർട്ടിഫിഷ്യൽ ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാർഡുകൾ, മുനമ്പ് കടവ് മുതൽ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റ് ഹൗസ്, സൗരോർജവിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്‌ക്, രണ്ട് ടോയ്‌ലറ്റുകൾ എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ബോട്ട് ജെട്ടി ഉൾനാടൻ ജലഗതാഗതവകുപ്പും അനുബന്ധ നിർമാണങ്ങൾ കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡുമാണ് ഏറ്റെടുത്തത്.