വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം; ‘ഉണർവു’മായി പോലീസ് സ്കൂളിലേക്ക്
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ബോധവത്‌കരണത്തിനുമായി വിദ്യാലയങ്ങളിലേക്ക് പോലീസ്. ആന്റി നർകോട്ടിക് ക്ലബ്ബ് (എ.എൻ.സി.) രൂപവത്കരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസവകുപ്പും പോലീസും ഒപ്പം മറ്റ് വകുപ്പുകളും സംഘടനകളുമായും സഹകരിച്ച് ‘ഉണർവ്’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ, കോളേജുകൾ, സാങ്കേതിക വിദ്യാലയങ്ങൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ ആന്റി നർകോട്ടിക് ക്ലബ്ബുകളുണ്ടാകും. കുട്ടികളുടെ രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ എന്നിവരെയും പദ്ധതിയിൽ പങ്കാളികളാക്കും. വിദ്യാർഥികൾക്കിടയിൽ ലഹരിവിൽപ്പന നടത്തുന്നവരെ പിടികൂടുകയും ഉപയോഗിക്കുന്നവർക്ക് കൗൺസലിങ്ങും ബോധവത്‌കരണവും നൽകുകയുമാണ് ഉദ്ദേശ്യം.
സംസ്ഥാനതലത്തിലുള്ള ഇത്തരം ക്ലബ്ബുകളുടെ നോഡൽ ഓഫീസർ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർധിച്ചുവരുന്നതിനെത്തുടർന്നാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സ്ഥാപനമേധാവികളായിരിക്കും എ.എൻ.സി.യുടെ ചെയർമാന്മാർ. പി.ടി.എ. പ്രസിഡന്റ് വൈസ് ചെയർമാൻ, അതത് പോലീസ് സ്‌റ്റേഷൻ പരിധികളിലെ എസ്.എച്ച്.ഒ.മാർ കൺവീനർമാർ, ഒരു അധ്യാപകൻ കോ-ഓർഡിനേറ്റർ, രണ്ട് പി.ടി.എ. പ്രതിനിധികളും നാല് വിദ്യാർഥികളും അംഗങ്ങൾ എന്നിങ്ങനെയായിരിക്കും ക്ലബ്ബിലെ പ്രാതിനിധ്യം. ഇതിനായി അധ്യാപകർക്കും മറ്റ് പ്രതിനിധികൾക്കും പോലീസ് സഹായത്തോടെ പരിശീലനം നൽകും.
ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റങ്ങളിലുണ്ടാകുന്ന മാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാനും തുടർനടപടികൾ സ്വീകരിക്കാനുമുള്ള ചുമതല ഇത്തരത്തിൽ പരിശീലനം സിദ്ധിക്കുന്നവർക്കായിരിക്കും. ജില്ലാ പോലീസ് ട്രെയിനിങ് സെന്ററിൽവെച്ചായിരിക്കും പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുക. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.മാരായിരിക്കും ജില്ലാതല നോഡൽ ഓഫീസർമാർ. ജനമൈത്രി പോലീസിനെയും പങ്കാളികളാക്കും. പരമാവധി 24 വീടുകളിൽ ഒരു ദിവസം ബീറ്റ് ഓഫീസർ എത്തണം. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ 12,000 വീടുകളുടെ സന്ദർശനം ഒരു ദിവസം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ലഹരിയുപയോഗത്തിന് ഇരയായവരുടെ വീടുകളിൽ പരമാവധി 30 മിനിറ്റെങ്കിലും ചെലവഴിച്ച് പോലീസ് ബോധവത്‌കരണം നടത്തണം.
എക്സൈസ്, സാമൂഹ്യനീതിവകുപ്പ്, ആരോഗ്യവകുപ്പ്, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, പ്രൈവറ്റ് ബസുടമകളുടെ സംഘടനകൾ, റെസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ സഹായവും തേടും. സെപ്റ്റംബർ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ബോധവത്‌കരണത്തിനായി ക്വിസ് മത്സരം, ചിത്രരചനാമത്സരം, സിനിമ, നാടകം, സെമിനാർ തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിക്കും. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവരുടെ സഹായവുമുണ്ടാകും.
