ആറളത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് 16 കേസുകളിൽ പ്രതി

ആറളം : പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവ് വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടിൽ താമസിച്ചിരുന്ന കുറ്റ്യാടി തൊട്ടിൽപ്പാലം കായക്കൊടി സ്വദേശി വണ്ണത്താൻ വീട്ടിൽ പി.കെ. റഷീദ് (36 ) ആണ് അറസ്റ്റിലായത്.
പ്രദേശത്തെ ഒരു വീട്ടിൽ ബൈക്കിലെത്തി വീട്ടമ്മയോട് ഭർത്താവിനെ അന്വേഷിച്ച് ഫോൺ നമ്പർ വാങ്ങിയശേഷം വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളവുമായെത്തിയ വീട്ടമ്മയെ കയറിപ്പി.ടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒരു പരിചയവുമില്ലാത്ത അഞ്ജാതനെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ആറളം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തുന്നത്.
അടുത്തിടെ നാദാപുരത്തും നടപ്പുറത്തുമായി രണ്ട് കളവ് കേസുകളിൽ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് റഷീദ്.11 വർഷത്തിനിടെ 9 കവർച്ച കേസുകളും ഒരു പോക്സോ കേസും പൊതു സ്ഥലത്ത് ബഹളം വെച്ചതിനുമുൾപ്പെടെയാണ് വിവിധ സ്റ്റേഷനുകളിലായി ഇത്രയും കേസുകളുള്ളത്. ആറളം എസ്.ഐ മാരായ വി.വി. ശ്രീജേഷ്, റജികുമാർ, സുനിൽ, സിവിൽ പോലീസ് ഓഫീസർ ജയദേവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.