ഓണത്തിന് കൃഷിവകുപ്പിന്റെ 2010 ചന്തകൾ

കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഓണക്കാലത്ത് 2010 നാടൻ കർഷകച്ചന്തകൾ സജ്ജമാക്കുമെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിനൊപ്പം ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെ.യും ചേർന്നാണ് വിപണികൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ നാലുമുതൽ ഏഴുവരെയാണ് പ്രവർത്തിക്കുക. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നാംതീയതി മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് പാളയം ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിക്കും. കൃഷിഭവൻതലത്തിലാകും വിപണികൾ സംഘടിപ്പിക്കുക.
ഓണവിപണിക്കായി പച്ചക്കറികൾ പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികവില നൽകിയാണ് കർഷകരിൽനിന്ന് സംഭരിക്കുന്നത്. ഓണവിപണികളിലൂടെ വിൽപ്പന നടത്തുമ്പോൾ പൊതുവിപണിയേക്കാൾ 30 ശതമാനം കുറഞ്ഞവിലയ്ക്ക് നൽകും.