ഓണത്തിന് സഞ്ചാരികളെ സ്വീകരിക്കാൻ റാണിപുരം മല ഒരുങ്ങുന്നു

കണ്ണൂർ: ഓണാവധിക്ക് ഒറ്റദിവസം പോയി വരാനൊരു മലയുണ്ട് നമുക്ക്. മലയോളം സൗന്ദര്യമുള്ള റാണിപുരം. കുളിർ കാറ്റേറ്റ് കുടുംബസമേതം മല കയറിയാൽ ശരീരം ഉഷാറാകും, മനസും.
ഓണത്തിന് സഞ്ചാരികളെ സ്വീകരിക്കാൻ വൻ ഒരുക്കമാണ് ഇവിടെ നടക്കുന്നത്. മാനിപുറം എന്ന് വിളിപ്പേരുള്ള പച്ചപ്പുൽമേട് കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമയേകുന്നു. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും കാൽനടയായി രണ്ടരകിലോമീറ്റർ കുന്നിൻ ചെരുവിലൂടെ മുകളിലോട്ട് നടന്നാൽ മാനിപുറത്ത് എത്താം.
പഞ്ഞിക്കെട്ടുപോലെ പാറിയെത്തി തലോടുന്ന കോടമഞ്ഞ് റാണിപുരത്തിന്റെ മാത്രം പ്രത്യേകതയാണ്. മലകയറുമ്പോൾ ക്ഷീണം തോന്നിയാൽ ചെത്തിയുണ്ടാക്കിയ പടികളിൽ വിശ്രമിക്കാം. അപ്പോൾ കേൾക്കാം കിളികളുടെ പാട്ടും നീർച്ചോലകളുടെ കളകളാരവവും. വേണമെങ്കിൽ കരിമ്പാറയുടെ തണുപ്പിൽ കിടക്കാം. ഉയർന്നു നിൽക്കുന്ന വൻ വേരുകളിൽ ഊഞ്ഞാലാടാം. അപ്പോൾ ദൂരെ നിന്നും കാട്ടാനക്കൂട്ടത്തിന്റെ ചിഹ്നം വിളിയും കേട്ടെന്നിരിക്കും. അതുവഴി നടന്നുപോയ ആനക്കൊമ്പന്റെ പിണ്ടത്തിൽ നിന്ന് ആനച്ചൂര് ഉയരുന്നതും കാണാം. ഒരുമണിക്കൂർ സമയമെടുക്കുന്ന മലകയറ്റം; കുട്ടികളും പ്രായമുള്ളവരും ഉണ്ടെങ്കിൽ പിന്നെയും സമയമെടുക്കും.
പത്ത് കോടി രൂപ ചിലവിൽ നിർമിച്ച സർക്കാർ താമസസ്ഥലവും ഇവിടെയുണ്ട്. അവിടെ തങ്ങുകയും ചെയ്യാം. 10 ഡബിൾ റൂം, നാലുകോട്ടേജ്, കോൺഫറൻസ് ഹാൾ, റെസ്റ്റോറന്റ്, പവലിയൻ, ടോയ്‌ലറ്റ് എന്നീ സൗകര്യവുമുണ്ട്. ഇതിന് പുറമെ സ്വകാര്യ കോട്ടേജുകളും നിരവധി.
ഇവിടെ എത്താൻ സ്വന്തമായി വാഹനം തന്നെ വേണം. മുമ്പ് ബസ് സർവീസുണ്ടായിരുന്നു. മൊബൈൽ റേയ്‌ഞ്ചും കുറവാണ്. മുൻ കൂട്ടി അറിയിച്ചാൽ നല്ല ഭക്ഷണവും കിട്ടും. ഫോൺ: 0467-2227755.
കാഞ്ഞങ്ങാട് നിന്നും 48 കിലോമീറ്റർ
കാഞ്ഞങ്ങാടുനിന്നും ഒന്നേകാൽ മണിക്കൂറിൽ റാണിപുരത്തെത്താം. അട്ടേങ്ങാനം, രാജപുരം, മാലക്കല്ല്, കോളിച്ചാൽ വഴി പനത്തടിയായി. അവിടെ നിന്ന് ഒമ്പത് കിലോമീറ്റർ യാത്ര ചെയ്താൽ റാണിപുരത്തെത്താം. കാസർകോടു നിന്നും എരിഞ്ഞിപ്പുഴ കുറ്റിക്കോൽ വഴി മാലക്കല്ലെത്തിയും പനത്തടിയിലെത്താം. 55 കിലോമീറ്റർ ദൂരമുണ്ട്.