മട്ടന്നൂർ ജുമാമസ്‌ജിദ് നിർമാണത്തിൽ കോടികളുടെ തട്ടിപ്പ്: ലീഗ്, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

കണ്ണൂർ: വഖഫ് ബോർഡിനെ വെട്ടിച്ച് മട്ടന്നൂർ ജുമാമസ്‌ജിദ് കമ്മിറ്റി നടത്തിയ നിർമാണ പ്രവർത്തനങ്ങൾവഴി കോടികൾ തട്ടിയ ലീഗ്, കോൺഗ്രസ് നേതാക്കളായ ഭാരവാഹികൾക്കെതിരെ കേസെടുത്തു. മട്ടന്നൂർ ജുമാമസ്‌ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ കല്ലായി, നിലവിലെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് നേതാവുമായ യു. മഹറൂഫ് എന്നിവർക്കെതിരെയാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മട്ടന്നൂർ നഗരസഭാ കൗൺസിലറുമായിരുന്നു എം.സി. കുഞ്ഞമ്മദ്.
വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണമുയർന്നത്. മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിർമാണപ്രവൃത്തിക്ക് പത്തുകോടിയോളം രൂപയുടെ കണക്കുണ്ടാക്കിയതായാണ് പരാതി. 2011 മുതൽ 2018 വരെ മട്ടന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായിയും ജനറൽ സെക്രട്ടറി എം.സി. കുഞ്ഞമ്മദുമായിരുന്നു. ഈ കാലയളവിലാണ് പള്ളി പുനർനിർമാണം നടന്നത്.
വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അറ്റകുറ്റപ്പണിയാണ് നടത്തിയതെന്നായിരുന്നു മറുപടി. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് 8.80 ലക്ഷം രൂപയും പുതിയ കെട്ടിടം നിർമിച്ചതിന് 9.78 കോടി രൂപയും ചെലവഴിച്ചതായാണ് കണക്കുണ്ടാക്കിയത്. പല സാധനങ്ങൾ വാങ്ങിയതിനും ബിൽ ചേർത്തിട്ടില്ലെന്നും കണക്കിൽ കാണിച്ച പല നിർമാണപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്‌സിൽ മുറികൾക്കായി വാങ്ങിയ പണവും കൈക്കലാക്കി. ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിനായി അഞ്ചു കോടി രൂപ കടം വാങ്ങാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ലേലംചെയ്‌ത് കിട്ടുന്ന തുകയിൽനിന്ന് അഞ്ചു കോടി കഴിച്ച് ബാക്കി വന്ന തുക വീതം വച്ചെടുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.