ആരാധനാലയങ്ങൾക്ക് അനുമതി: ഹൈക്കോടതി നിർദേശങ്ങൾ
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളും പ്രാർഥനാഹാളുകളും ഉടൻ പൂട്ടണമെന്ന നിർദേശത്തോടൊപ്പം ഹൈക്കോടതി, സർക്കാർ നടപ്പാക്കേണ്ട ചില മാർഗനിർദേശങ്ങളും നൽകി.
നിർദേശങ്ങൾ
* 2005-ൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾപ്രകാരം അനുമതികിട്ടാത്ത മതസ്ഥാപനങ്ങളോ പ്രാർഥനാഹാളുകളോ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഉത്തരവ്/സർക്കുലറുകൾ പുറപ്പെടുവിക്കണം.
*അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടണം.
* മതസ്ഥാപനങ്ങൾക്കും പ്രാർഥനാഹാളുകൾക്കും അനുമതിനൽകുന്ന കാര്യത്തിൽ 2005-ലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണം. ഉചിതമായ കേസുകളിൽമാത്രമേ അനുമതിനൽകാവൂവെന്നും വ്യക്തമാക്കണം. സമീപത്തുള്ള സമാന ആരാധനാലയവുമായുള്ള ദൂരവും പരിഗണിക്കണം.
* മറ്റാവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങൾ മതസ്ഥാപനങ്ങളാക്കിമാറ്റാൻ അനുവദിക്കരുതെന്ന ഉത്തരവും പുറപ്പെടുവിക്കണം. അത്യപൂർവമായ സാഹചര്യത്തിലേ മറിച്ചുള്ള തീരുമാനമെടുക്കാവൂ. പോലീസിന്റെയും രഹസ്യാന്വേഷണവിഭാഗത്തിന്റെയും റിപ്പോർട്ടും ഇതിനായി തേടണമെന്നും വ്യക്തമാക്കണം.
* ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയക്കണം.
