കതിരിടുന്ന നെൽപ്പാടങ്ങളിൽ ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു

കണ്ണൂർ : കതിരിട്ട് തുടങ്ങുന്ന നെൽപ്പാടങ്ങളിൽ ബാക്ടീരിയ പരത്തുന്ന ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു. ‘സാന്തോമൊണാസ് ഒറൈസെ’ എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗകാരണം.
സംസ്ഥാനത്തെ വിവിധ പാടശേഖരങ്ങളിൽ രോഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആദ്യം പ്രത്യക്ഷപ്പെട്ട രോഗം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്. കണ്ണൂർ ജില്ലയിലും ഇപ്പോൾ രോഗം കണ്ടുതുടങ്ങി. ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലാണ് വ്യാപകമായിരിക്കുന്നത്. കാറ്റും മഴയും വെയിലും ഇടവിട്ട് വരുന്ന കാലാവസ്ഥയിലാണ് രോഗം പരത്തുന്ന ബാക്ടീരിയകൾ പെരുകുന്നത്.
നെൽച്ചെടിയുടെ അഗ്രഭാഗത്തുനിന്ന് ഇരുവശങ്ങളിലൂടെ താഴോട്ട് ബാധിക്കുന്ന കരിച്ചിലാണ് രോഗലക്ഷണം. ‘ഉമ’ ഇനത്തിൽപ്പെട്ട നെല്ലിനെയാണ് രോഗം ആദ്യം പിടികൂടുന്നതായി കണ്ടെത്തിയത്. പരിഹാരനടപടി സ്വീകരിച്ചില്ലെങ്കിൽ നെല്ലുത്പാദനം ഗണ്യമായി കുറയും.
പരിഹാര നടപടി
അണുവിമുക്തമാക്കിയ വിത്ത് മാത്രമേ ഉപയോഗിക്കാവൂ. ഒരുകിലോ വിത്ത് 10 ഗ്രാം സ്യൂഡാമോണാസ് എന്ന കീടനാശിനി കലർത്തിയ ലായിനിയിൽ അരമണിക്കൂർ മുക്കിവെച്ചാൽ മതി.
രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് പച്ചച്ചാണകം 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി അരിച്ചെടുത്ത് തളിക്കണം.
ബ്ലീച്ചിങ് പൗഡർ ലായിനി തളിച്ചാൽ മണ്ണിലുള്ള അണുക്കളെ നശിപ്പിക്കാം. രോഗം രൂക്ഷമായാൽ സ്ട്രെപ്റ്റോസൈക്ലിൻ 40 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ കലർത്തി ഒരേക്കർ സ്ഥലത്ത് തളിക്കാം.