കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരിച്ച വാർഡുകൾ തുറന്നു

Share our post

കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. നവീകരിച്ച ഏഴാംനിലയിലെ വാർഡുകൾ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. അജിത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. രാജീവ്, ആസ്പത്രി സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഡി.കെ.മനോജ്‌, ആർ.എം.ഒ. ഡോ. എസ്.എം.സരിൻ, എ.ആർ.എം.ഒ. ഡോ. മനോജ്‌ കുമാർ, കെ.ജനാർദനൻ എന്നിവർ സംസാരിച്ചു.

706, 707, 708, 709 ബ്ലോക്കുകളിലെ സ്പെഷ്യൽ-ജനറൽ വാർഡുകളാണ് നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. പുതിയ വാർഡുകളിൽ 100 പേർക്കുള്ള കിടത്തിച്ചികിത്സാസൗകര്യം ഏർപ്പെടുത്തി.

ഓരോ രോഗിയുടെയും ബെഡിന് സമീപം തന്നെ, ചികിത്സയുടെ ഭാഗമായി ആവശ്യമെങ്കിൽ ഓക്സിജൻ ഉൾപ്പെടെ വാർഡിൽനിന്ന് ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്.

മുഴുവൻ വാർഡുകളിലെയും നവീകരണപ്രവൃത്തികളും മെഡിക്കൽ കോളേജ് റോഡുകളുടെ അറ്റകുറ്റപ്രവൃത്തികളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് തുടർന്ന് നടന്ന യോഗത്തിൽ വാപ്കോസ് പ്രതിനിധികൾക്ക് എം.എൽ.എ. നിർദേശം നൽകി.

ആശുപത്രി കെട്ടിടത്തിന്റെ പുറത്തെയും അകത്തെയും പെയിന്റിങ്‌, വാർഡ് നവീകരണം, ശുചിമുറികൾ മാറ്റിപ്പണിയൽ, ഇലക്ട്രിക്‌ പ്രവൃത്തികൾ, അഗ്നിരക്ഷാസംവിധാനങ്ങളുടെ നവീകരണം, മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, ശീതീകരണസംവിധാനം നവീകരിക്കൽ, നിലവിലുള്ള ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിനുപുറമേ 500 കെ.വി.യുടെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫിങ്‌ നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് തീരുമാനിച്ചിരുന്നത്. ഈ പ്രവൃത്തിയുടെ ഒന്നാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!