പെരുമ്പാമ്പിനെ പിടിച്ച ഫോട്ടോയില്‍ തലകാണിച്ചു; അഞ്ചുവര്‍ഷംമുമ്പ് കാണാതായ ആളെ കണ്ടെത്തി
കോഴിക്കോട്: അഞ്ചുവര്‍ഷംമുമ്പ് വേങ്ങേരിയില്‍നിന്ന് കാണാതായ യുവാവിനെ ചേവായൂര്‍ പോലീസിന്റെ സമഗ്രാന്വേഷണത്തില്‍ കണ്ടെത്തി. യുവാവിനെ കാണാനില്ലെന്നുകാണിച്ച് വേങ്ങേരി സ്വദേശിനിയായ സഹോദരി നല്‍കിയ പരാതി ഇതോടെ ചേവായൂര്‍ പോലീസ് തീര്‍പ്പാക്കി. മാളിക്കടവ് സ്വദേശിയായ 38-കാരനെയാണ് കല്ലായിഭാഗത്തുനിന്ന് കണ്ടെത്തിയത്.
കല്ലായിഭാഗത്തുള്ള ലോഡ്ജിനുസമീപം താമസിക്കുകയായിരുന്നു യുവാവ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലായിയിലെ ബേക്കറിയില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പാമ്പിനെ പിടികൂടുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ കാണാതായ യുവാവുണ്ടായിരുന്നു. ഈ ഫോട്ടോകണ്ട് സംശയം തോന്നിയ ചേവായൂര്‍ എസ്.ഐ. ശ്രീജയന്‍ കല്ലായിഭാഗത്ത് പരിചയമുള്ള ഒരാള്‍ക്ക് ഫോട്ടോ അയച്ചു. കാണാതായ ആള്‍ ഇതാണെന്ന് ഉറപ്പിച്ചു.
തുടര്‍ന്നാണ് ഇയാളെ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.