അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടികൂടിയത് പയ്യന്നൂരില്‍ ഒളിവില്‍ കഴിയവെ

Share our post

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.

കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!