വാക്‌സിനെടുക്കാൻ വിമുഖത പാടില്ല, പേവിഷബാധ മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം – ആരോ​ഗ്യമന്ത്രി

Share our post

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർധിച്ചു വരികയാണ്. പേവിഷബാധയ്ക്കുള്ള വാക്സിനെടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി വർധിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്.

പേവിഷബാധ നിയന്ത്രിക്കാൻ മൂന്ന് വകുപ്പുകളും ചേർന്ന് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ യോഗം തീരുമാനിച്ചെന്ന് മന്ത്രി വ്യക്തമാക്കി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളർത്തുനായകളുടെ വാക്‌സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വർധിച്ച സാഹചര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ലെന്നും മന്ത്രി പറഞ്ഞു. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേൽക്കുന്നത് പെട്ടന്ന് പേവിഷബാധയേൽക്കാൻ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആസ്പത്രികളിലും വാക്‌സിൻ ഉറപ്പ് വരുത്തും.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേർത്ത് പരമാവധി നായകൾക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിൻ എടുക്കുമെന്നും പേവിഷബാധ നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.

പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ

പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ

നായയുടെ വായിൽ നിന്നും നുരയും പതയും വരിക

അക്രമ സ്വഭാവം കാണിക്കുക

യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക

പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക

പിൻ‌കാലുകൾ തളരുക

നടക്കുമ്പോൾ വീഴാൻ പോവുക

ചില നായ്ക്കൾ മിണ്ടാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം

പേവിഷബാധയുടെ ലക്ഷണങ്ങൾ

കടിയേറ്റ ഭാ​ഗത്ത് ചൊറിച്ചിൽ

മുറിവിന് ചുറ്റും മരവിപ്പ്

തലവേദന

പനി

തൊണ്ടവേദന

ക്ഷീണം

ഓക്കാനം

ഛർദി

ശബ്ദത്തിലുള്ള വ്യത്യാസം

ഉറക്കമില്ലായ്മ

കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോടുള്ള ഭയം

കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതൽ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം.

മസ്തിഷ്‌ക ജ്വരമുണ്ടാകുമ്പോൾ രണ്ടുതരത്തിലുള്ള പ്രതികരണം കാണാം. ഒന്ന് എൻസിഫലൈറ്റിസ് റാബിസ്. രണ്ട് പരാലിറ്റിക് റാബിസ്.

എൻസിഫലൈറ്റിസ് റാബിസ്

അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, തുടർന്ന് അപസ്മാര ചേഷ്ടകൾ

സ്വയംനിയന്ത്രിത നാഡീവ്യൂഹത്തിന്റെ തകരാറിനെത്തുടർന്ന് അമിതമായി ഉമിനീർ ഉത്പാദിപ്പിക്കും

തലച്ചോറിന്റെ പിൻഭാഗത്തായി കാണപ്പെടുന്ന ബ്രെയിൻ സ്റ്റെമ്മിനെ രോഗം ബാധിച്ചാൽ വെള്ളമിറക്കാൻ ബുദ്ധിമുട്ടുണ്ടാകും.

രോഗം കൂടുന്നതോടെ രോഗി കോമയിലേക്ക് വഴുതിവീഴാം, തുടർന്ന് മരണം സംഭവിക്കാം.

പരാലിറ്റിക് റാബിസ്

കൈകാൽ തളർച്ച.

ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവൽ

വെള്ളത്തോടും കാറ്റിനോടുമുള്ള ഭയം ഈ വിഭാഗത്തിൽ കാണാറില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!