സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ
ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മുഖ്യപ്രതിയുടെ കടയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തു. ചെട്ടികുളങ്ങര കടവൂർ പത്മാലയം പി.രാജേഷ് (34), പേള പള്ളിയമ്പിൽ വി.അരുൺ (24) എന്നിവരെയാണ് സി.ഐ സി. ശ്രീജിത്, എസ്.ഐ. അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്.
ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജൻ (32) ആണ് കേസിലെ മുഖ്യപ്രതി. വിനീഷ് രാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കേസ് വീണ്ടും പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് ആലപ്പുഴ ജില്ലാ കോടതി ഉത്തരവിട്ടതിനാലാണ് അറസ്റ്റ് ചെയ്യാഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
വിനീഷ് രാജന്റെ, കടവൂർകുളത്തിന് സമീപമുള്ള സ്ഥാപനത്തിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്–ഒന്ന് എന്ന വ്യാജ തിരിച്ചറിയൽ കാർഡും വ്യാജരേഖകളും 13 കുപ്പി (9.75 ലീറ്റർ) വിദേശ മദ്യവും ഡ്രഗ്സ് ലൈസൻസ് ഇല്ലാതെ സൂക്ഷിച്ചിരുന്ന മൃഗങ്ങൾക്കുള്ള മരുന്നുകളും പിടിച്ചെടുത്തു. ദേവസ്വം ബോർഡ്, ബവ്റിജസ് കോർപറേഷൻ എന്നിവിടങ്ങളിൽ ക്ലാർക്ക്, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തതായാണ് കേസ്.
വൈക്കം ക്ഷേത്ര കലാപീഠത്തിൽ ക്ലാർക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് കായംകുളം എരുവ സ്വദേശിയിൽ നിന്ന് 3.25 ലക്ഷം രൂപ കൈപ്പറ്റിയ സംഘം കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർപാഡിൽ വ്യാജ സീൽ പതിച്ച് നിയമന ഉത്തരവ് തപാലിൽ അയച്ചു. നിയമന ഉത്തരവുമായി വൈക്കം ക്ഷേത്ര കലാപീഠത്തിൽ എത്തിയ എരുവ സ്വദേശിയുടെ രേഖകൾ പരിശോധിച്ച ദേവസ്വം അധികൃതർ നിയമന ഉത്തരവ് വ്യാജമാണെന്ന് മനസ്സിലാക്കി ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന് വിവരം കൈമാറി.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാർ, വള്ളികുന്നം എന്നിവിടങ്ങളിലുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഒന്നു മുതൽ 7 ലക്ഷം രൂപ വരെ വാങ്ങി വ്യാജ നിയമന ഉത്തരവുകൾ നൽകിയതായി കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
