ഇരുപത്തിനാലാം മൈലിലെ സ്റ്റോൺ ക്രഷറിന് മുന്നിൽ രണ്ടാം ദിവസവും ജനകീയ പ്രതിഷേധം

നിടുംപൊയിൽ: ഇരുപത്തിനാലാം മൈലിലെ ന്യൂ ഭാരത് സ്റ്റോൺ ക്രഷറിന് മുന്നിൽ പ്രദേശവാസികൾ വ്യാഴാഴ്ചയും പ്രതിഷേധം നടത്തി. ക്രഷറിൽ സ്റ്റോക് ചെയ്തിരിക്കുന്ന ഉത്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ നൽകിയ അനുമതിയുടെ മറവിൽ ക്വാറി പ്രവർത്തിപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധ യോഗം ഷാജി കൈതക്കൽ ഉദ്ഘാടനം ചെയ്തു. സതീഷ് മണ്ണാർകുളം, രാജു വട്ടപ്പറമ്പിൽ, അപ്പച്ചൻ വാഹാനി തുടങ്ങിയവർ നേതൃത്വം നൽകി.
ബുധനാഴ്ചയും ക്വാറി ഉത്പന്നങ്ങൾ പുറത്തുകൊണ്ടു പോകുന്നത് പ്രദേശവാസികൾ തടഞ്ഞിരുന്നു. ഇതേ തുടർന്ന് വാക്കുതർക്കമുണ്ടായി. സംഭവത്തിൽ ക്വാറി ഉടമകൾ കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇതേ തുടർന്നാണ് വ്യാഴാഴ്ച സ്ത്രീകളടക്കം കൂടുതലാളുകൾ ക്രഷറിൻ്റെ മുൻപിൽ സമരം നടത്തിയത്.
ക്രഷർ ഉത്പന്നങ്ങൾ പുറത്തു കൊണ്ടുപോകാൻ ഉടമയെ അനുവദിക്കില്ലെന്ന് കളക്ടറും എ.ഡി.എമ്മും നൽകിയ വാക്ക് ലംഘിക്കപ്പെട്ടതിനാലാണ് പ്രതിഷേധിച്ചതെന്ന് ജനകീയ കമ്മറ്റി അറിയിച്ചു. കളക്ടർ, എ.ഡി.എം., ഡെപ്യൂട്ടി കളക്ടർ എന്നിവരുമായി ചർച്ച നടത്തി ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും സമരക്കാർ പറഞ്ഞു.
ഉരുൾപൊട്ടലിനെതുടർന്ന് കണിച്ചാർ പഞ്ചായത്തിലെ മുഴുവൻ പാറമടകൾക്കും ക്രഷറുകൾക്കും കളക്ടർ താത്കാലിക നിരോധനമേർപ്പെടുത്തിയിരുന്നു.
എന്നാൽ, ഉത്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്തിരിക്കുന്ന 27889.656 ടൺ ക്രഷർ ഉത്പന്നങ്ങൾ മാത്രം കൊണ്ടുപോകുന്നതിനും വിൽപന നടത്തുന്നതിനും കലക്ടറുടെ അനുമതിയുണ്ടെന്ന് ക്വാറി അധികൃതർ അറിയിച്ചു.