വായ്പകള്‍ക്കായി വ്യാജരേഖകളുണ്ടാക്കാൻ സമാന്തര വില്ലേജോഫീസ്; കെ.എസ്.എഫ്.ഇ.യില്‍ തട്ടിപ്പ് ശ്രമം വ്യാപകം

Share our post

റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച് കെ.എസ്.എഫ്.ഇ.യില്‍നിന്ന് വായ്പ തട്ടിയെടുക്കാനുള്ള ശ്രമം വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ റവന്യൂവകുപ്പും കെ.എസ്.എഫ്.ഇ.യും. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് ഭൂമിയുടെ സ്‌കെച്ച്, കൈവശാവകാശസര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടക്കുന്നത്.

കെ.എസ്.എഫ്.ഇ.യുടെ കോഴിക്കോട് കല്ലായി റോഡ്, ഈങ്ങാപ്പുഴ ശാഖകളിലാണ് വ്യാജ റവന്യൂരേഖകളില്‍ വായ്പയ്ക്ക് സമീപിച്ചത്. ഇതില്‍ ഈങ്ങാപ്പുഴ ശാഖയില്‍നിന്ന് വലിയതുക അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ കെ.എസ്.എഫ്.ഇ.യുടെ മറ്റുചില ശാഖകളിലും സമാനരീതിയില്‍ വ്യാജരേഖകളില്‍ വായ്പയ്ക്ക് സമീപിച്ച സംഭവം ഉണ്ട്. വെട്ടിപ്പ് പുറത്തുവന്നതോടെ ഇത്തരം രേഖകളില്‍ വായ്പ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കയാണ്.

വില നന്നേകുറവുള്ള സ്ഥലങ്ങളില്‍ ഭൂമി വാങ്ങിച്ച്, അതിന്റെ രേഖയില്‍ റോഡരികിലുള്ള നല്ലവിലയുള്ള ഭൂമിയുടെ സ്‌കെച്ചും കൈവശാവകാശരേഖയും വ്യാജമായി നിര്‍മിച്ച് ഉയര്‍ന്നവില വാല്വേഷനില്‍ കാണിച്ചാണ് വന്‍തുക വായ്പയെടുക്കുന്നത്.

തുച്ഛമായ വിലയുള്ള ഭൂമിക്ക് വന്‍വില വാല്വേഷനില്‍ കാണിച്ച് ഇത് ഈട് നല്‍കിയാണ് ലക്ഷങ്ങള്‍ തട്ടുന്നത്. ഒരേ കേന്ദ്രത്തില്‍നിന്നാണ് വിവിധ വില്ലേജ് ഓഫീസുകളിലെ വ്യാജരേഖകള്‍ നിര്‍മിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഉന്നതതല അന്വേഷണം വേണം. അതിന് റവന്യൂവകുപ്പ് താത്പര്യമെടുക്കുന്നില്ലെന്നാണ് പരാതി.

റവന്യൂവകുപ്പിന്റെ പ്രധാന ചുമതലക്കാരനായ വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിര്‍മിച്ച് കള്ളരേഖകള്‍ ഉണ്ടാക്കിയെന്ന് വ്യക്തമായിട്ടും വകുപ്പിന്റെ ഭാഗത്തുനിന്ന് ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

തട്ടിപ്പിനിരയായ കെ.എസ്.എഫ്.ഇ.യും ഈ സംഭവത്തില്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ബാലുശ്ശേരി, ഈങ്ങാപ്പുഴ വില്ലേജ് ഓഫീസര്‍മാര്‍ സ്വന്തംനിലയില്‍ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്കുശേഷം പോലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉന്നതരാഷ്ട്രീയബന്ധമുള്ള ചിലരാണ് തട്ടിപ്പുസംഘത്തിന് പിന്നിലെന്നതാണ് റവന്യൂവകുപ്പിനെയും കെ.എസ്.എഫ്.ഇ.യെയും കടുത്ത നടപടിയില്‍നിന്ന് പിറകോട്ടുവലിക്കുന്നത്. വടകര താലൂക്കിലെ തിനൂര്‍, കാവിലുംപാറ വില്ലേജ് ഓഫീസ് പരിധിയിലും സമാനമായി വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.എഫ്.ഇ. എല്ലാ ശാഖകളിലെയും മാനേജര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും നിലവില്‍ വായ്പയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ വ്യാജരേഖകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന വേണ്ടതുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.

എന്തുകൊണ്ടാണ് തട്ടിപ്പിനിരയായ കെ.എസ്.എഫ്.ഇ. നേരിട്ട് പോലീസില്‍ പരാതിപ്പെടാത്തതെന്ന ചോദ്യം റവന്യൂ ഉദ്യോഗസ്ഥരും ചോദിക്കുന്നു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ വ്യാജരേഖ സംബന്ധിച്ച വിഷയം ചിലര്‍ ഉന്നയിച്ചു. ഇത്രയും ഗുരുതരമായ പ്രശ്‌നം ഉണ്ടായിട്ടും വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!