മാളുകളിലെ പാർക്കിങ് ഫീസിന് തടയിടാൻ സർക്കാർ

Share our post

ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. സംസ്ഥാനത്താകെ ഈ വിഷയം ചർച്ചയായ സാഹചര്യത്തിലാണിത്.

പ്രധാന ഭരണകക്ഷിയായ സി.പി.എമ്മിനുതന്നെ ഇക്കാര്യത്തിൽ കർശന നിയമം കൊണ്ടുവരണമെന്ന അഭിപ്രായമാണുള്ളത്. മുതിർന്ന നേതാവ് എം.എം. മണിതന്നെ ഈ വിഷയം നിയമസഭയിൽ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിയമ നിർമാണം ഉണ്ടാവുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ഉറപ്പു നൽകിയിരിക്കുകയാണ്.

സ്വകാര്യ കെട്ടിടങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പഞ്ചായത്തിരാജ് ആക്ടിൽ ഒന്നും പറയുന്നില്ല. അതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച പരാതികളിൽ നടപടിയെടുക്കാൻ പരിമിതിയുണ്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ മാസം ചേർന്ന യോഗം വിഷയം ചർച്ച ചെയ്യുകയും നിയമത്തിലെ പോരായ്മകൾ പരിശോധിക്കുകയും ചെയ്തു. പാർക്കിങ് ഫീസ് ഈടാക്കുന്നതിൽ സർക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യക്തമായ ചട്ടങ്ങൾ കൊണ്ടുവരാനാണ് തീരുമാനം.

മാളുകളിൽ ഫീസ് നൽകാതെ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച പരാതികൾക്ക് നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

മാളുകളോടനുബന്ധിച്ച് സ്വകാര്യ വണ്ടിത്താവളങ്ങൾ നിർമിക്കുന്നതിന് 1994-ലെ കേരള മുനിസിപ്പൽ ആക്ട് 475 (1) പ്രകാരം നഗരസഭകളുടെ അനുമതി ആവശ്യമാണ്. മുനിസിപ്പൽ ആക്ട് പ്രകാരം വാണിജ്യ-കച്ചവട സ്ഥാപനങ്ങളുടെ ആകെ വിസ്തീർണത്തിന്റെ നിശ്ചിത അളവ് പാർക്കിങ് ഏരിയയ്ക്കായി മാറ്റിവെക്കണം. എന്നാൽ, ഈ സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതു സംബന്ധിച്ച് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല. 1994 കേരള പഞ്ചായത്തിരാജ് നിയമത്തിലും പാർക്കിങ് ഫീസ് സംബന്ധിച്ച് വ്യവസ്ഥയില്ല.

അതേസമയം പാർക്കിങ് തർക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ ധാരാളം എത്തുന്നുണ്ട്. ആ സാഹചര്യത്തിലാണ് ചട്ടങ്ങൾ കൊണ്ടുവന്ന് പാർക്കിങ് ഫീസ് വാങ്ങുന്നത് തടയുന്നതിനായി സർക്കാർ ആലോചിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!