5G സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍; മൂന്ന് വര്‍ഷത്തിനകം രാജ്യം മുഴുവനും

Share our post

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും.

4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചത്. ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് നടന്നത്. ലേലത്തിന് വെച്ച ആകെ 72 ഗിഗാ ഹെര്‍ട്‌സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികള്‍ വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.

റിലയൻസ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസ് തുടങ്ങിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്.

72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം നല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്. എയര്‍ടെല്‍ 43,000 കോടി രൂപയും വോഡഫോണ്‍ ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസ് ചിലവഴിച്ചത്.

ഓഗസ്റ്റ് 29 ന് നടക്കുന്ന റിലയൻസ് ഇൻസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ 5ജി സേവനം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാരതി എയർടെലും നേരത്തെ പ്രഖ്യാപിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!