ഓണം ഒരുക്കാൻ ലോണെടുക്കേണ്ടി വരും; കുതിച്ചുയര്‍ന്ന് ആവശ്യസാധന വില
തൊട്ടാൽ പൊള്ളും വിധം വില കുതിച്ചു കയറുകയാണ്, അരി തൊട്ട് പപ്പടം വരെ സകല സാധനങ്ങൾക്കും. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ഓരോ ദിവസവുമെന്നോണമാണ് വില കുതിച്ചുയരുന്നത്. ഓണമടുത്തതോടെയാണ് വിലവർധന രൂക്ഷമായത്. സാധനങ്ങൾക്ക് ആവശ്യം കൂടുമ്പോൾ വില കൂടുന്നതിനൊപ്പം ഓണത്തിന് കച്ചവടക്കാരുടെ പ്രത്യേക വിലക്കൂട്ടൽ വേറെയുമുണ്ട്! പച്ചക്കറികൾ ഓരോന്നിനും മുപ്പതു രൂപ വരെയൊക്കെയാണ് വില കൂടിയിട്ടുള്ളത്.
ഏപ്രിലിൽ കിലോയ്ക്ക് 32 രൂപയായിരുന്ന ജയ അരിക്ക് ചില്ലറ വിപണിയിൽ 49 വരെ വില ഉയർന്നിട്ടുണ്ട്. കർണാടകയിലും ആന്ധ്രയിലും മഴ പെയ്തതും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അരിവരവ് കുറഞ്ഞതും വില കൂടുന്നതിന് കാരണമായിട്ടുണ്ട്. 34 രൂപയായിരുന്ന സുരേഖ അരിയുടെ വില 44 രൂപയായി. ഓണ വിപണിയിലേക്കായി അരി സംഭരിക്കുന്നതും വില കൂടുന്നതിന് കാരണമാണ്.
സദ്യയൊരുക്കാൻ വേണ്ടതിനെല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്. ബീൻസ്, കാരറ്റ്, പാവയ്ക്ക, ബീറ്റ്‌റൂട്ട്, പച്ചക്കായ, പച്ചമുളക്, ഇഞ്ചി എന്നു വേണ്ട സകലതിനും കത്തിക്കയറുകയാണ് വില. ഒരു കിലോ ബീൻസ്-100, കാരറ്റ്-100, പാവയ്ക്ക-90, ഇഞ്ചി-100, മാങ്ങ-120, പച്ചമുളക്-100, കാബേജ്-60, ചേന-60, വെണ്ടയ്ക്ക-60, ഉരുളക്കിഴങ്ങ്-60, ചെറിയ ഉള്ളി-60, മുരിങ്ങയ്ക്ക-60 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം എറണാകുളം മാർക്കറ്റിലെ ചില്ലറ വില. മസാലപ്പൊടികൾക്കും തൈരിനും വരെ വില ഉയർന്നിട്ടുണ്ട്. ഓണത്തിരക്ക് തുടങ്ങും മുൻപേ ഇത്തരത്തിലാണ് വില ഉയരുന്നതെങ്കിൽ ഉത്രാടപ്പാച്ചിലാകുന്പോഴേക്ക് വില ഇനിയും കൂടിയേക്കും.
പച്ചമുളക് 30-ൽ നിന്നാണ് 100 രൂപയായത്. വറ്റൽമുളക് 260-ൽ നിന്ന് 300 ആയി. മത്തനും വെള്ളരിയും കിലോയ്ക്ക് ഇരുപതാണ് നിലവിലെ വില. പപ്പടത്തിന് അഞ്ചുരൂപ കൂടിയിട്ടുണ്ട്.
സദ്യ ഓർഡർ ചെയ്യുന്നതിനും ഇതേ നിരക്കിൽ വിലക്കയറ്റമുണ്ടാകും. കാറ്ററിങ് സർവീസുകാരും ഹോട്ടലുകളിലും സദ്യവില ഉയർത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ രണ്ടു പായസമടക്കം 28 കൂട്ടം വിഭവങ്ങളുമായി 750 രൂപ വരെയോ അതിലും അധികമോ ആണ് സദ്യയുടെ വില.
