തലശേരി ജനറൽ ആസ്പത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം

Share our post

തലശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ ബലക്ഷയം നേരിടുന്ന പ്രധാന കെട്ടിടത്തിന്റെ മൂന്നാംനിലയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി.

ഇവിടെയുള്ള ഏഴ് കിടക്കകളുള്ള ഐ.സി.യു. അടച്ചു. ആസ്പത്രിയിൽ നിലവിൽ നാല് ഐ.സി.യു.വാണുള്ളത്. അതിൽ ഒന്നാണ് അടച്ചത്. ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റാൻ തുടങ്ങി. മെഡിക്കൽ വിഭാഗം പുരുഷ, വനിതാ വാർഡുകൾ ഒന്നാക്കി. സ്ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യൽ ഉൾപ്പെടെ ചികിത്സ ഇനി തടസ്സപ്പെടും. പ്രസവചികിത്സ തുടരും. നേരത്തേ ആസ്പത്രിയുടെ മുൻവശത്തുണ്ടായിരുന്ന അത്യാഹിതവിഭാഗം ഇപ്പോൾ കുട്ടികളുടെ വാർഡിനോട് ചേർന്നാണുള്ളത്.

ബലക്ഷയം നേരിടുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റിന്റെ ഒരുഭാഗം ചൊവ്വാഴ്ച അടർന്നുവീണു. ഓക്സിജൻ പ്ലാന്റിന്റെ മുകളിലാണ് വീണത്. മീൻമാർക്കറ്റിന് മുകളിലുള്ള കെട്ടിടത്തിലേക്ക് ആസ്പത്രിയുടെ വാർഡുകൾ മാറ്റുന്നതിന് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

മാറ്റുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. നഗരസഭാ കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ കെട്ടിടം ആസ്പത്രിക്ക് കൈമാറാൻ കഴിയൂ. ആസ്പത്രി കെട്ടിടം ബലക്ഷയം നേരിടുന്നതായി ആരോഗ്യവകുപ്പിന്റെ വിദഗ്ധസമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കെട്ടിടം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

കോട്ടയ്ക്ക് സമീപത്തായതിനാൽ ആസ്പത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ കഴിയില്ല. നഗരത്തിൽ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കേണ്ടിവരും. അതിനുള്ള ആലോചനയും തുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!