ഓൺലൈനിൽ ബുക്കുചെയ്ത ഫോണിനുപകരം കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡർ

Share our post

ഓൺലൈൻ വ്യാപാരസൈറ്റിലൂടെ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നുടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനുപിന്നിൽ കൂറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തൽ. ഒടുവിൽ, നഷ്ടപ്പെട്ട ഫോണുകളുടെ വില കൂറിയർ കമ്പനിക്ക് നൽകി ഡെലിവറി ബോയി കേസിൽനിന്ന് തടിതപ്പി.

ഏതാനും ദിവസം മുമ്പാണ്, ഓൺലൈനായി ഓർഡർചെയ്ത ഫോണിനുപകരം മുണ്ടിയെരുമ സ്വദേശിനി അഞ്ജന കൃഷ്ണന് പൗഡർ ലഭിച്ചത്.

കാഷ് ഓൺ ഡെലിവറിയായി 16,999 രൂപയുടെ ഫോണിനാണ് ബുക്കുചെയ്തത്. ഒരാഴ്ചമുമ്പ് ഡെലിവറി ബോയി വിളിച്ച് ഫോൺ എത്തിയെന്ന വിവരമറിയിച്ചു. ഭർത്താവ് ഫോൺ വാങ്ങാനായി ടൗണിലെത്തി പാഴ്‌സൽ കൈപ്പറ്റി. പ്രോസസിങ് ചാർജുകളടക്കം 17,028 രൂപ കൈമാറുകയും ചെയ്തു. ഫോൺ കവർ പൊട്ടിച്ചുനോക്കാൻ ശ്രമിച്ചെങ്കിലും, ഡെലിവറി ബോയി അതിനുമുമ്പ് സ്ഥലംവിട്ടു. വീട്ടിലെത്തിച്ച് കവർ തുറന്നപ്പോഴാണ് പൗഡർ ടിന്നുകൾ കണ്ടത്.

ഇതോടെ, ഇവർ നെടുങ്കണ്ടം പോലീസിലും ഉപഭോക്തൃകോടതിയിലും ഓൺലൈൻ വ്യാപാരസൈറ്റിലും പരാതി നൽകി. നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു, എസ്.ഐ. ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്, സംഭവത്തിനുപിന്നിൽ ഡെലിവറി ബോയി ആണെന്ന് കണ്ടെത്തുന്നത്.

പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ നെടുങ്കണ്ടം, സന്ന്യാസിയോട സ്വദേശികളെയും ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്ന് ഡെലിവറി ബോയി സമ്മതിച്ചു. 18,000 രൂപയുടെ ഫോൺ ഒാർഡർ ചെയ്തയാൾക്ക് എത്തിയ ബോക്സ് പൊട്ടിച്ച് 10,000 രൂപയുടെ ഫോൺ നൽകിയതായും ഡെലിവറി ബോയി പറഞ്ഞു. ഇതോടെ കൂറിയർ കമ്പനിയുടെ കൊച്ചി ഓഫീസിൽനിന്നുള്ള അധികൃതരെ പോലീസ് വിളിച്ചുവരുത്തി. പോലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ, മോഷ്ടിച്ച ഫോണുകളുടെ ആകെ തുകയായ 41,000 രൂപ ഡെലിവറി ബോയി കൂറിയർ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറി.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇത് ഉടമകളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകും. എന്നാൽ, തങ്ങൾ നൽകിയ പരാതി പിൻവലിച്ചിട്ടില്ലെന്നും, മോഷണം നടത്തിയ ഡെലിവറി ബോയിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അഞ്ജന കൃഷ്ണൻ ആവശ്യപ്പെട്ടു. ഡെലിവറി ബോയി പണം തിരികെ നൽകിയ സാഹചര്യത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർചെയ്തിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!