മദ്രസാ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്‌തെന്ന് പരാതി; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കറുകപുത്തൂരില്‍ റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്‌തെന്ന് പരാതി. സ്ഥാപനത്തിലെ അധ്യാപകരായ രണ്ടുപേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
കറുകപുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയാണ് അധ്യാപകര്‍ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പരാതി. കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയിയില്‍ നീലഗിരി സ്വദേശി ഇര്‍ഷാദ് അലി (29), വാവനൂര്‍ സ്വദേശി ഫസല്‍ (23) എന്നിവരെ ചാലിശ്ശേരി പോലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. ഒമ്പതാംക്ലാസുകാരനായ വിദ്യാര്‍ഥിയുടെ അസ്വാഭാവികപെരുമാറ്റവും മോശമായ മാനസികാവസ്ഥയും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നീട് മറ്റൊരു വിദ്യാര്‍ഥി വേറൊരു അധ്യാപകനെതിരെയും ആരോപണമുന്നയിച്ചു. തുടര്‍ന്ന്, മാതാപിതാക്കള്‍ കൊടുത്ത പരാതിയില്‍ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
തമിഴ്നാട് നീലഗിരിയില്‍നിന്നാണ് ഇര്‍ഷാദ് അലിയെ പോലീസ് പിടികൂടിയത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ചയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. കൂടുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇര്‍ഷാദ് അലിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് വാവനൂര്‍ സ്വദേശി ഫസലിനെ പോലീസ് അറസ്റ്റുചെയ്തത്.