വിവാഹദിനത്തിൽ അവയവദാന സമ്മതപത്രം നൽകി നവദമ്പതികൾ
വിവാഹദിനത്തിൽ അവയവദാന സമ്മതപത്രം നൽകി നവദമ്പതികൾ. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കരുനാഗപ്പള്ളിയിലെ പി.ആർ. വസന്തന്റെയും ഐ. ചിത്രലേഖയുടെയും മകൾ ആര്യാ വസന്തും ചെന്നൈ പൊന്നിയമ്മൻമേട് മാധാവരം രാജി ഫ്ലാറ്റിൽ ജെ. അശോകിന്റെയും ജെ. ഷർമിളയുടെയും മകൻ ആദിത്യ അശോകുമാണ് വേറിട്ട മാതൃകയായത്.
ഞായർ വൈകിട്ട് നാലിനായിരുന്നു ഇവരുടെ വിവാഹം. തങ്ങളുടെ അവയവങ്ങൾ ദാനംചെയ്യാനുള്ള തീരുമാനം വിവാഹമണ്ഡപത്തിൽ ഇവർ അറിയിച്ചു. ഗവേഷക വിദ്യാർഥികളായ ഇരുവരും ഇതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. അധികൃതർ നൽകിയ ഡോണർ കാർഡ് താലൂക്കാസ്പത്രി ആർ.എം.ഒ ആയിരുന്ന ഡോ. അനൂപ് കൃഷ്ണനിൽനിന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, പി. രാജീവ്, ജെ. ചിഞ്ചുറാണി തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
