പ്ലസ്‍വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും

സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ വ്യാഴാഴ്ച (ഓഗസ്റ്റ് 25) തുടങ്ങും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,39,621 പേർ ആദ്യ രണ്ട് അലോട്ട്മെന്റുകളിലൂടെ സ്ഥിരംപ്രവേശനം നേടിയവരാണ്. 77,412 കുട്ടികൾ താത്കാലികമായി ചേർന്നവരും. കായികമികവിന്റെ അടിസ്ഥാനത്തിൽ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിൽ 11,703 പേരും ചേർന്നു. 1,184 കുട്ടികളാണ് മാനേജ്‌മെൻറ് ക്വാട്ടയിൽ ഔദ്യോഗികമായി പ്രവേശനം നേടിയത്. അൺഎയ്ഡഡ് ബാച്ചുകളിൽ 1,214 പേർ പ്രവേശനം നേടിയിട്ടുണ്ട്.
4,71,849 കുട്ടികളാണ് ഇത്തവണ അപേക്ഷിച്ചിരുന്നത്. 2,95,118 പേർക്കുമാത്രമാണ് ഏകജാലകം വഴി അലോട്ട്മെന്റ് ലഭിച്ചത്. ഇവരിൽ 78,085 പേർ ചേർന്നില്ല. ഈ സീറ്റുകളാണ് മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം അലോട്ട്‌മെന്റിൽ സ്ഥിരംപ്രവേശനം
മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട സ്കൂളിൽ ഫീസടച്ച് നിർബന്ധമായും സ്ഥിരംപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റുകളെപ്പോലെ താത്കാലിക പ്രവേശനത്തിന് അനുമതിയില്ല. ഉയർന്ന ഓപ്ഷൻ ലഭിച്ചവർ താത്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് ടി.സി.യും അനുബന്ധരേഖകളും വാങ്ങി പുതിയസ്കൂളിൽ ചേരണം.
സപ്ലിമെന്ററി അലോട്ട്മെന്റ്
മുഖ്യ അലോട്ട്മെന്റുകളിൽ ഉൾപ്പെടാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും നേരത്തേ നൽകിയ അപേക്ഷയിലെ അപാകംമൂലം പ്രവേശനം ലഭിക്കാത്തവർക്കും പുതുതായി അപേക്ഷിക്കാം. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ എണ്ണം വെള്ളിയാഴ്ചയോടെ ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അതുനോക്കിവേണം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ പുതുക്കാൻ.
സീറ്റൊഴിവുള്ള വിഷയങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സേ പരീക്ഷയിലൂടെ വിജയിച്ചവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാം.
ഒഴിവുള്ള മെറിറ്റ് സീറ്റുകൾ 1153
മൂന്നാം അലോട്ട്മെന്റിനുശേഷം സംസ്ഥാനത്ത് ഏകജാലകം വഴിയുള്ള മെറിറ്റിൽ മിച്ചമുള്ളത് 1,153 സീറ്റുകൾ മാത്രമാണ്. എന്നാൽ, അപേക്ഷകരിൽ ലക്ഷത്തോളം പേർ ഇപ്പോഴും ഏകജാലകം വഴി പ്രവേശനം ലഭിക്കാതെ പുറത്തുണ്ട്. മുൻ വർഷങ്ങളിലും സമാനസാഹചര്യമായിരുന്നെങ്കിലും സപ്ലിമെന്ററി അലോട്ട്മെന്റു ഘട്ടത്തിൽ ശരാശരി 30,000 വരെ സീറ്റുകൾ മിച്ചംവന്നിരുന്നു. ഇവയ്ക്കൊപ്പം മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് വിഭാഗങ്ങളിലെ സീറ്റുകൾകൂടിയായപ്പോൾ പഠനം ആഗ്രഹിച്ചവർക്കെല്ലാം പ്രവേശനം ലഭിച്ചിരുന്നു.
സ്കൂൾ, വിഷയം മാറ്റം പിന്നീട്
പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം ലഭിക്കും. അപേക്ഷകരുടെ മെറിറ്റും സീറ്റൊഴിവും പരിഗണിച്ചാണ് അതനുവദിക്കുക.