ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുസ്ലിം ജമാഅത്ത് കമ്മിറ്റി

Share our post

ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുസ്ലിം ജമാഅത്ത് കമ്മിറ്റി. ഇത്തരക്കാരെ മഹല്ലില്‍ നിന്ന് പുറത്താക്കാനാണ് പടന്നക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. ലഹരി ഇടപാടുമായി ബന്ധമുള്ളവരെ മഹല്ലിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. ബഹിഷ്‌കരണം നേരിടുന്നവർക്ക് വിവാഹ കാര്യങ്ങളുൾപ്പെടെ  മഹല്ലിന്റെ പിന്തുണ ഉണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്.

600 ഓളം കുടുംബം അടങ്ങുന്നതാണ് പടന്നക്കാട് മഹല്ല് ജമാഅത്ത്. എം.ഡി.എം.എ ഉള്‍പെടെയുള്ള മാരക മയക്കുമരുന്നുമായി പ്രദേശത്തെ നിരവധി യുവാക്കള്‍ അടുത്തിടെ അറസ്റ്റിലായതോടെയാണ് കര്‍ശന നടപടിക്ക് മഹല്ല് ജമാഅത്തിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നാടിന് തന്നെ അപമാനകരമാണ് ഇത്തരം പ്രവൃത്തി ചെയ്യുന്നവരെന്ന് മഹല്ല് ഭാരവാഹികള്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരേയും സാമൂഹ്യ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച് മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചുവരുന്നുണ്ട്.

ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയതോടെ കാസര്‍കോട് ജില്ലാ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് എന്ന പദ്ധതിക്ക് തന്നെ രൂപം നല്‍കിയിട്ടുണ്ട്. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പലരും രക്ഷപ്പെടുന്നതാണ് മയക്കുമരുന്ന് കടത്ത് വര്‍ധിക്കാന്‍ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്. അത്കൊണ്ട് തന്നെ പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പുവരുത്തണമെന്ന് വിവിധ സംഘടനകളും ജനങ്ങളും ആവശ്യപ്പെടുന്നു. പടന്നക്കാട് മഹല്ല് ജമാഅത്തിന്റെ തീരുമാനം മറ്റ് മഹല്ല് കമ്മിറ്റികളും മാതൃകയാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!