താലൂക്ക് ആസ്പത്രിക്കായി വാങ്ങിയ സ്ഥലം ആരോഗ്യവകുപ്പിന് വിട്ടുനല്‍കാന്‍ തീരുമാനം

Share our post

താലൂക്ക് ആസ്പത്രി നിര്‍മാണത്തിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വാങ്ങിയ സ്ഥലം ആരോഗ്യവകുപ്പിന് വിട്ടുനൽകാൻ തീരുമാനമായി. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ നിലനിന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, സ്ഥലത്തിന്‍റെ ഉടമസ്ഥത പൂർണമായും വിട്ടുകിട്ടാതെ ആസ്പത്രി നിർമിക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതിനെതുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. കെട്ടിടനിർമാണത്തിന് കാലതാമസം നേരിട്ടതോടെ സ്ഥലം വിട്ടുനൽകാൻ ധാരണയാകുകയായിരുന്നു.

പിടവൂർ മുട്ടത്തുകടവ് പാലത്തിന് സമീപത്തെ ഒരു ഏക്കര്‍ 80 സെന്‍റ് ഭൂമിയാണ് സ്വകാര്യവ്യക്തികളിൽ നിന്ന് പഞ്ചായത്തുകള്‍ വാങ്ങിയത്. നിലവിൽ ആസ്പത്രി പ്രവർത്തിക്കുന്ന പത്തനാപുരം നഗരത്തിൽ സ്ഥലപരിമിതി ആണെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ലെന്നുമുള്ള നിർദേശത്തെതുടർന്നാണ് പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടവും അനുബന്ധമായുള്ള സ്ഥലവും ആശുപത്രി വിട്ടുനൽകണമെന്ന ആവശ്യമുയർന്നെങ്കിലും രാഷ്ട്രീയമായ ശക്തമായ എതിർപ്പ് കാരണം സാധ്യമായില്ല. സ്ഥലം ആരോഗ്യവകുപ്പിന് വിട്ടുനൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് പഞ്ചായത്ത് കമ്മിറ്റി മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആസ്പത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!