കാട് വെട്ടുന്നതിനിടെ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

കാട് വെട്ടുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ഒറ്റപ്പാലം എസ്.ആർ.കെ നഗർ തങ്കം നിവാസിൽ ബിന്ദുവിനാണ് (40) പരിക്കേറ്റത്. ഇവരുടെ ഇടതുകൈയിലെ നാല് വിരലുകൾ അറ്റനിലയിലാണ്. പാലപ്പുറം 19ാം മൈലിലെ ഹൗസിങ് ബോർഡ് കോളനിയിലാണ് സംഭവം.
11 പേരടങ്ങിയ തൊഴിലാളിസംഘമാണ് കാട് വെട്ടിത്തെളിച്ചിരുന്നത്. വലതുകൈയിലെ അരിവാൾകൊണ്ട് ഇടതുകൈയിൽ പിടിച്ച പുല്ല് വെട്ടുന്നതിനിെടയാണ് സ്ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിൽ വളപ്പിന്‍റെ മതിലിന് പൊട്ടലുണ്ടായിട്ടുണ്ട്. ബിന്ദുവിനെ താലൂക്ക് ആസ്പത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകിയശേഷം തൃശൂരിലെ മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഫൈബർ നൂലിന്‍റെയും മറ്റും അവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള പരിശോധന നടത്തുമെന്നും ഇതിനുശേഷമേ സ്ഥിരീകരിക്കാനാകാവൂ എന്നും ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ സുജിത്ത് പറഞ്ഞു