പമ്പുകളുടെ അറ്റകുറ്റപ്പണി, അതിനിടയില്‍ പഠനം; ഒരു കുടുംബത്തിന്റെ അത്താണിയാണ് ഈ പത്താംക്ലാസുകാരന്‍

ഈ ചെറിയ പ്രായത്തില്‍ അശ്വിന്‍ നേരിട്ട അഗ്നിപരീക്ഷകള്‍ അവനെ തളര്‍ത്തിയില്ല. അച്ഛന്റെ മരണത്തോടെ അനാഥരായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഈ പത്താംക്ലാസുകാരന്‍. അവന്‍ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് രാവിലെ എട്ടുമണിവരെ മോട്ടോര്‍പമ്പുകള്‍ നന്നാക്കും. അതിനിടയിലാണ് പഠനം. പിന്നെ, പുസ്തകക്കെട്ടുമായി സ്‌കൂളിലേക്ക്. തിരിച്ചെത്തിയാല്‍ വീണ്ടും പമ്പുകളുടെ അറ്റകുറ്റപ്പണിയിലേക്ക് തിരിയും.
രവിപുരത്ത് ആലപ്പാട്ട് റോഡിലായിരുന്നു വിനോദിന്റെ കട. കാര്‍വാഷ് പ്രഷര്‍പമ്പുകള്‍, ഗ്രീസ് പമ്പ്, കംപ്രസര്‍ എന്നിവയുടെ റിപ്പയറിങ് സ്ഥാപനമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും കോവിഡ് കാലത്ത് വീട്ടിലിരുന്നും വിനോദ് പണിയെടുത്തു. ജോലികളില്‍ മകനെയും കൂട്ടിയപ്പോള്‍ അശ്വിനും പണിപഠിച്ചു. വിനോദ് മരിച്ചിട്ടും അതറിയാതെ റിപ്പയറിങ്ങിനുള്ള ഓര്‍ഡറുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അച്ഛന്റെ വിയര്‍പ്പുമണം മാറാത്ത മുറിയില്‍ അശ്വിന്‍ തനിയെ പണിതുടങ്ങി.