മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ 10മുതൽ

മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്‌ച രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. രണ്ട് കൗണ്ടിങ് ഹാൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ടിടത്തും ആറുവീതം ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന് റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും.
ഇത്തവണ തപാൽവോട്ട് എണ്ണേണ്ട സാഹചര്യമില്ല. തപാൽവോട്ടിന് ആരും അപേക്ഷിച്ചിരുന്നില്ല. നഗരസഭയിലുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇല്ലായിരുന്നു. കോവിഡ് സ്‌പെഷ്യൽ തപാൽവോട്ടിനും അപേക്ഷകരുണ്ടായില്ല. ഫലം www.lsgelection.kerala.gov.in വെബ്‌സൈറ്റിലെ TRENDൽ തത്സമയം ലഭ്യമാകും. വോട്ടെണ്ണൽകേന്ദ്രത്തിൽ മീഡിയാ സെന്ററും പ്രവർത്തിക്കും.
ആകെയുള്ള 35 സീറ്റിൽ 28 സീറ്റുമായി എൽ.ഡി.എഫ് ആണ് നിലവിൽ നഗരസഭ ഭരിക്കുന്നത്. സി.പി.എമ്മിന് 25, സി.പി.ഐ, ഐ.എൻ.എൽ, ജനതാദൾ എന്നിവർക്ക് ഒരോ സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് നാല്, ലീഗിന് മൂന്ന് എന്നിങ്ങനെയായിരുന്നു യു.ഡി.എഫ് കക്ഷി നില.