മദ്യക്കടത്ത് തടയാൻ കൂട്ടുപുഴ പഴയപാലം അടച്ചു

ഇരിട്ടി : ഓണത്തിന് കർണാടകത്തിൽനിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പോലീസ്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൂട്ടുപുഴ-മാക്കൂട്ടം അതിർത്തിയിൽ പരിശോധന നടക്കും.
പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി കൂട്ടുപുഴയിലെ പഴയപാലം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. പുതിയ പാലത്തിന് സമീപം പരിശോധന നടക്കുന്നതിനിടെ ചില വാഹനങ്ങൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇതുവഴി കടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെ നടന്നുകടക്കുവാനുള്ള വഴിവെച്ച് വാഹനങ്ങൾ കടന്നുപോകാത്ത വിധം പാലം ബാരിക്കേഡ് വെച്ച് അടയ്ക്കുകയായിരുന്നു.
ഇത്തരം കടത്തുകാർ വിദ്യാർഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടാണ് ഇവ കടത്തിക്കൊണ്ടുവരുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി കടത്ത് കൂടാനുള്ള സാധ്യതയാണ് 24 മണിക്കൂറും പരിശോധന നടത്താൻ പോലീസിനെ പ്രേരിപ്പിച്ചത്. ബൈക്കുകൾ ഉൾപ്പെടെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.