സ്വന്തം റേഷൻ കടയിൽ പോയില്ലെങ്കിൽ 18 ലക്ഷം പേർക്ക് ഓണക്കിറ്റില്ല

Share our post

സൗജന്യ ഓണക്കിറ്റ് വാങ്ങാൻ പോർട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയതോടെ 18 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് കിറ്റ് നഷ്ടമായേക്കും. അല്ലെങ്കിൽ ഇത്രയും പേർ ഓണക്കാലത്ത് കിറ്റ് വാങ്ങാൻ മാത്രം സ്വന്തം റേഷൻ കടയിൽ പോകണം. ഇതര ജില്ലകളിൽ താൽക്കാലികമായി താമസിക്കുന്നവരും ജോലി ചെയ്യുന്നവരും മറ്റും പോർട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിച്ചാണ് നിലവിൽ റേഷൻ വാങ്ങുന്നത്. 

റേഷൻ കാർഡ് റജിസ്റ്റർ ചെയ്തിട്ടുള്ള കടയിൽ നിന്ന് അല്ലാതെ സംസ്ഥാനത്തെ മറ്റൊരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നതാണ് പോർട്ടബ്‌ലിറ്റി സംവിധാനം.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഇപോസ് മെഷീനിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങാവുന്ന ഈ സൗകര്യം ഒരുക്കിയതോടെ വർഷങ്ങളായി ഏറെപ്പേർ ഇതു പ്രയോജനപ്പെടുത്തുന്നു. 

ലോക്ഡൗൺ കാലത്ത് ഇതര ജില്ലകളിൽ കുടുങ്ങിയവർ അതിജീവന കിറ്റ് ഇപ്രകാരം കൈപ്പറ്റിയിരുന്നു. കഴിഞ്ഞ വർഷം ഓണക്കിറ്റിന് പോർട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയിരുന്നില്ല. അന്ന് ഓണക്കിറ്റ് വിതരണം ചെയ്ത മാസം 18.40 ലക്ഷം കാർഡ് ഉടമകളാണ് പോർട്ടബ്‌ലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയത്. 

ആകെയുള്ള 92 ലക്ഷം കാർഡ് ഉടമകളിൽ 20 മുതൽ 24 % വരെ പേർ എല്ലാ മാസവും പോർട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിക്കുന്നതായാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 17.48 ലക്ഷം പേർ ഇത് പ്രയോജനപ്പെടുത്തി. തിരുവനന്തപുരം ജില്ലയാണ് ഇതിൽ മുന്നിൽ; ഏകദേശം 2.47 ലക്ഷം പേർ. 

തൃശൂരിൽ 1.66 ലക്ഷം , കോഴിക്കോട്ട് 1.65 ലക്ഷം, കൊല്ലത്ത് 1.52 ലക്ഷം , എറണാകുളത്ത് 1.49 ലക്ഷം , കണ്ണൂരിൽ 1.39 ലക്ഷം പേർ എന്നിങ്ങനെ പോർട്ടബ്‌ലിറ്റി ഉപയോഗിച്ചു. കോർപറേഷനുകൾ സ്ഥിതി ചെയ്യുന്ന ജില്ലകളാണ് ഇവയെല്ലാം.

13 സാധനങ്ങളും തുണി സഞ്ചിയും ഉൾപ്പെടുന്നതാണ് കിറ്റ്. 23, 24 തീയതികളിൽ മഞ്ഞ കാർഡ്, 25, 26, 27 തീയതികളിൽ പിങ്ക് കാർഡ്, 29, 30, 31 തീയതികളിൽ നീല കാർഡ്, സെപ്റ്റംബർ ഒന്നു മുതൽ 3 വരെ വെള്ള കാർഡ് എന്നിങ്ങനെയാണ് കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റുകൾ നേരിട്ട് എത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!