‘സമൃദ്ധി’ ആപ്പുമായി ചെങ്ങളായി പഞ്ചായത്ത്

ശ്രീകണ്ഠപുരം : കർഷകർ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ മൊബൈൽ ആപ്പുമായി ചെങ്ങളായി പഞ്ചായത്ത്. ‘സമൃദ്ധി’ എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഡീപ് ഫ്ലോ ടെക്‌നോളജിസ് എന്ന സ്റ്റാർട്ടപ്പാണ് ഓൺലൈൻ അപ്ലിക്കേഷൻ തയ്യാറാക്കിയത്. ഉൽപ്പന്നങ്ങൾക്ക് വിലകിട്ടാതെ കർഷകർ വലയുന്ന സാഹചര്യത്തിലാണ് ഇടനിലക്കാരില്ലാതെ ഇവ വിറ്റഴിക്കാൻ സഹായിക്കുന്ന ആപ്പ് തയ്യാറാക്കിയത്.
കൃഷിഭവന്റെ സഹായത്തോടെയാണ് പദ്ധതി. ഉൽപ്പാദകരും ഉപഭോക്താക്കളും നേരിട്ട് ക്രയവിക്രയം ചെയ്യുന്നതിനുള്ള സൗകര്യമാണ് ആപ്ലിക്കേഷനിൽ ഒരുക്കിയത്. ആപ്പിൽ പ്രവേശിച്ചാൽ ഉൽപ്പന്നങ്ങൾ കാണാനാവും. ആവശ്യമുള്ളതിന് ക്ലിക്ക് ചെയ്താൽ അതത് പ്രദേശത്ത് വിൽപ്പനക്ക് തയ്യാറായിട്ടുള്ള കർഷകന്റെ നമ്പർ ലഭിക്കും. ഉപഭോക്താവിന് കർഷകനെ നേരിട്ട് ബന്ധപ്പെടുകയും ചെയ്യാം. കർഷകർക്ക് വർഷം 270 രൂപ വരിസംഖ്യ അടച്ചാൽ ഒരു വർഷം മുഴുവനും വിൽപ്പനക്കുള്ള സൗകര്യവും മണ്ണ് പരിശോധന, വളപ്രയോഗ രീതി, രോഗ നിർണയം, സർക്കാറിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാകും.