തലയിൽകുടുങ്ങിയ കുപ്പിവെള്ള ടാങ്കുമായി തെരുവുനായ ഓടി; രക്ഷകരായി അഗ്നിരക്ഷാസേന

Share our post

നഗരത്തിൽ വഴിയരികിൽ ആരോ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് അവസാനം അഗ്നിരക്ഷാസേന രക്ഷകരായി. ഒരുമണിക്കൂറോളം വട്ടംചുറ്റിയ ശേഷമാണ് ഇവർക്ക് നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് നീക്കാനായത്.

നെയ്യാറ്റിൻകരയിൽ  ശനിയാഴ്ചയാണ് തെരുവുനായയുടെ കഴുത്തിൽ കുപ്പിവെള്ള ടാങ്ക് കുടുങ്ങിയത്. ഇക്കാര്യമറിഞ്ഞ അഗ്നിരക്ഷാ സേനാംഗങ്ങൾ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സിവിൽ സ്റ്റേഷൻ പരിസരത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ സേനാംഗങ്ങളെ കണ്ട് ഈ നായ ഓടി രക്ഷപ്പെടുകയായിരുന്നു. വൈകിയതോടെ ഇവർ തിരച്ചിൽ നിർത്തലാക്കി. ഞായറാഴ്ച ഒൻപതരയോടെ നെയ്യാറ്റിൻകര കോടതി റോഡിലെ ഒരുവാഹനത്തിന് അടിയിൽ ഈ നായയെ കണ്ടെത്തി. തുടർന്ന് വീണ്ടും അഗ്നിരക്ഷാസേനയെത്തി. ഇവരെത്തിയെങ്കിലും കഴുത്തിൽകുടുങ്ങിയ ടാങ്കുമായി നായ നഗരത്തിലൂടെ ഓടി. വിടാതെ സേനാംഗങ്ങളും കൂടെ ഓടി.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പോലീസ് സ്‌റ്റേഷൻ റോഡ്, ഗേൾസ് സ്‌കൂൾ വഴി അവസാനം ആശുപത്രി കവലയിൽ എത്തി. ഇവിടെവെച്ച് നായയുടെ കഴുത്തിൽ കുരുക്കെറിഞ്ഞ് പിടിക്കുന്നതിനിടെ കഴുത്തിലെ ചെറുടാങ്ക് ഇളകി തെറിച്ചുപോയി. ഇതോടെ നായ അവിടെനിന്നും രക്ഷപ്പെട്ടുപോയി. നെയ്യാറ്റിൻകര അഗ്നിരക്ഷാസേന യിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ പദ്മകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജി.എൽ.പ്രശാന്ത്, ജയകൃഷ്ണൻ, സോണി, ഷിബിൻരാജ്, ഹോംഗാർഡ് ശിവകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!