ജനനി’ വഴികാട്ടിയായി; കുട്ടികളില്ലാത്തവര്‍ക്ക് പ്രതീക്ഷയേകി ഹോമിയോവകുപ്പ് പദ്ധതി

കല്പറ്റ: പ്രതീക്ഷയേകി കുട്ടികളില്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോമിയോവകുപ്പ് നടപ്പാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി ‘ജനനി’. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ വന്ധ്യതാ ചികിത്സയിലൂടെ 39 ദമ്പതിമാര്‍ക്കാണ് കുട്ടികള്‍ പിറന്നത്.
320-ല്‍ അധികം പേര്‍ ഇവിടെ ചികിത്സയിലാണ്. 2019-ലാണ് ഇവിടെ ചികിത്സ തുടങ്ങിയത്. തിങ്കള്‍മുതല്‍ ശനിവരെ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഇവിടെ ജനനി പദ്ധതിയുടെ ഒ.പി. പ്രവര്‍ത്തനം. വിവാഹിതരായി വര്‍ഷങ്ങള്‍ക്കുശേഷവും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്.
വിശദമായ പഠനത്തിലൂടെ ആധുനിക പരിശോധനാ സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തിയാണ് ചികിത്സനല്‍കുന്നത്. ദമ്പതികളുടെ മാനസികാരോഗ്യത്തിനായി ഒരു സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ലഭിക്കും. ആവശ്യക്കാരായ രോഗികള്‍ക്ക് സൗജന്യമായി പ്രഗ്‌നന്‍സി കിറ്റുകളും ജനനി വഴി നല്‍കുന്നുണ്ട്.