കർഷകസഹായിയായി ഡീപ്‌ ഫ്‌ളോ ടെക്‌നോളജി ആപ്‌

Share our post

കണ്ണൂർ :കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ഇനി സെക്കൻഡുകൾക്കുള്ളിൽ പരിഹാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത്‌ യുവ എൻജിനിയർമാർ. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ പൂർവ വിദ്യാർഥികളായ അത്രി ആനന്ദ്, വിഷ്ണു.ബി.രാജ്, എൻ.എസ്. സായന്ത് എന്നിവർ ചേർന്നാണ് ‘ഡീപ്പ് ഫ്‌ളോ ടെക്‌നോളജി’ എന്ന പേരിൽ ആപ് വികസിപ്പിച്ചെടുത്തത്. സ്റ്റാർട്ടപ്പ് സംരംഭമായി രൂപകൽപ്പനചെയ്ത സഹായ മൊബൈൽ ആപ്പിന് നബാർഡിന്റെ സഹായവും പിന്തുണയുമുണ്ട്‌.  

ജില്ലയിലെ വിവിധ മേഖലയിലെ തെരഞ്ഞെടുത്ത 600ഓളം കർഷകരിൽ രണ്ടരവർഷം നീണ്ട പഠനം നടത്തിയതിനുശേഷമാണ് ആപിന്റെ രൂപകൽപ്പന. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെയും സഹായത്തോടെയായിരുന്നു പഠനം.

പ്ലേസ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തിയാൽ അതത് വിളകൾക്ക് വേണ്ട മണ്ണ്, ഘടകങ്ങൾ, വെള്ളത്തിന്റെ അളവ്, കാലാവസ്ഥ, വളപ്രയോഗം സംബന്ധിച്ച നിർദേശങ്ങൾ, വിള ഉൽപ്പാദനകാലം, വിളവെടുപ്പ് കാലം, സസ്യരോഗങ്ങൾ , പ്രതിവിധികൾ തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കും. 24 മണിക്കൂറും സേവനമുണ്ട്. കർഷകർക്കാവശ്യമായ വ്യക്തിഗത കാർഷിക ഉപദേശങ്ങൾ, കൃഷിയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ഇടപെടലുകൾ, എന്നിവക്ക് പുറമെ ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്‌ക്ക് വിൽക്കാനുള്ള സഹായവും ലഭ്യമാണ്. 

തുടക്കത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലെ 1200 കർഷകരെയാണ് ആപ്പിൽ അംഗങ്ങളാക്കുക. ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികളിലെ അംഗങ്ങൾക്ക് മുൻഗണന. 1500 രൂപയാണ് വാർഷിക വരിസംഖ്യ. ആദ്യഘട്ടത്തിൽ വരിസംഖ്യയുടെ 75 ശതമാനം നബാർഡ് സബ്‌സിഡി അനുവദിച്ചതിനാൽ കർഷകർ 270 രൂപ നൽകിയാൽ മതി. ഫാം സെക്ടർ പ്രൊമോഷൻ ഫണ്ടിൽനിന്നാണ് സബ്‌സിഡി അനുവദിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!