കുതിച്ചുയർന്ന് അരിവില, വർധിച്ചത് 10 രൂപ വരെ

Share our post

കേരളത്തിൽ പൊതുവിപണിയിൽ അരി വില കുതിക്കുന്നു. രണ്ടുമാസത്തിനിടെ എല്ലായിനങ്ങളുടെയും വില ശരാശരി പത്തുരൂപ ഉയർന്നു. പൊന്നി മാത്രമാണ് വില ഉയരാതെ നിൽക്കുന്നത്. സാധാരണ മട്ട അരിക്ക് വില കൂടുമ്പോൾ വെള്ള അരിക്ക് കുറയുകയാണ് പതിവ്. എന്നാലിപ്പോൾ എല്ലാ ഇനങ്ങളുടെയും വില ഉയർന്നു. ദൗർലഭ്യവും രൂക്ഷമാണ്.

കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നത് ജയ, ജ്യോതി എന്നിവയാണ്. ഇവയുടെ വില രണ്ടുമാസത്തിൽ പത്തുരൂപ കൂടി. എതാണ്ട് 70 ശതമാനം പേരും ഉപയോഗിക്കുന്നത് വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ്. ജയ ആന്ധ്രാപ്രദേശിൽനിന്നും ജ്യോതി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമാണ് എത്തുന്നത്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും വില പത്തുരൂപയോളം ഉയർന്നു. ഉണ്ടമട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറുരൂപയോളമാണ്.

ഇനം ഏപ്രിൽ- വില (കിലോഗ്രാം) ഇപ്പോഴത്തെ വില (കേരള റൈസ് മിൽ ഓണേഴ്സ് അസോസിയേഷന്റെ മൊത്തവ്യാപാര കണക്ക്)

  • ജയ 32-34 48-50
  • ജ്യോതി 39-40 49-50
  • ഉണ്ടമട്ട 32-33 37-40
  • കുറുവ 27-28 32-34
  • സുരേഖ 34-35 44-45

 ലഭ്യത കുറഞ്ഞു

അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതാണ് അരിവില കൂടാനുള്ള പ്രധാന കാരണം. കേരളത്തിലേക്ക് അരി വരുന്ന ആന്ധ്രാപ്രദേശിൽ സർക്കാർ കർഷകരിൽനിന്ന് ന്യായവിലയ്ക്ക് നെല്ലുസംഭരണം തുടങ്ങി. അതോടെ പൊതുവിപണിയിൽ നെല്ല് കുറഞ്ഞു. കർണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ മില്ലുകൾ ശ്രീലങ്കയിലേക്ക് വ്യാപകമായി അരി കയറ്റുമതി തുടങ്ങിയതോടെ അവിടെനിന്നും അരി വരുന്നത് കുറഞ്ഞു.

ശ്രീലങ്കയിലേക്ക് അരി കയറ്റി അയയ്ക്കുന്നതിലൂടെ വലിയ ലാഭമാണ് ഇൗ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത്. കേരളത്തിൽ ഓണത്തിനുവേണ്ടി കച്ചവടക്കാർ അരി സംഭരിച്ചുവെക്കുന്നതും കൂടി. ജി.എസ്.ടി.യും അരിയുടെ വിലക്കയറ്റത്തിന് ഒരുപരിധിവരെ കാരണമായിട്ടുണ്ട്.

മാസം തോറും 3.3 ലക്ഷം ടൺ അരിയാണ് വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. റൈസ് മിൽ ഉടമ സംഘത്തിന്റെ കണക്കാണിതെന്ന് ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറഞ്ഞു.

ഒരുവർഷം ഏതാണ്ട് 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. റേഷൻകട വഴി 16 ലക്ഷം ടൺ അരി വിതരണം ചെയ്യുന്നു. ഇതിൽ ആറുലക്ഷം ടൺ സംസ്ഥാനത്ത് ഉത്‌പാദിപ്പിച്ച് സപ്ലൈകോ വഴി സംഭരിക്കുന്നതാണ്. 24 ലക്ഷം ടൺ അരി പൊതുവിപണിയിലൂടെ വിൽക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!