ഗാന്ധിചിത്രത്തെ അപമാനിച്ചെന്ന കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കല്പറ്റ: രാഹുൽ ഗാന്ധി എം.പി.യുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗാന്ധിചിത്രത്തെ അപമാനിച്ചു എന്ന കേസിലാണിത്. എം.പി.യുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്.
എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുമരിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് നിലത്ത് പൊട്ടിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ചെയ്തത് എന്ന ആരോപണം അന്നുമുതൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത് ഓഫീസിൽ വാഴവെച്ചു എന്നതിനേക്കാൾ വലിയ തോതിൽ ചർച്ചയായിരുന്നത് ഗാന്ധി ചിത്രത്തെ അപമാനിച്ചു എന്നതായിരുന്നു. വലിയതോതിലുള്ള പ്രചാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഗാന്ധി ചിത്രത്തെ അപമാനിച്ചിരിക്കുന്നത് എന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.