കേന്ദ്ര സര്‍വീസില്‍ ഒഴിവ്‌: ശമ്പളം 35,400-1,12,400

Share our post

കേന്ദ്ര സര്‍വീസിലെ ജൂനിയര്‍ എന്‍ജീനിയര്‍ തസ്തികകളിലേക്കുള്ള 2022-ലെ പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ മന്ത്രാലയങ്ങളിലെ/ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രഖ്യാപിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബറിലാണ് നടത്തുക.

മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍), ഫറാക്കാ ബാരേജ് പ്രോജക്ട്, മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസ്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, മിനിസ്ട്രി ഓഫ് പോര്‍ട്‌സ്- ഷിപ്പിങ് ആന്‍ഡ് വാട്ടര്‍ വേയ്‌സ് (ആന്‍ഡമാന്‍ ആന്‍ഡ് ലക്ഷദ്വീപ് ഹാര്‍ബര്‍ വര്‍ക്‌സ്).

യോഗ്യത: സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ഡിഗ്രി/ഡിപ്ലോമ. അല്ലെങ്കില്‍ സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ബോര്‍ഡര്‍ റോഡ്‌സിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഇതിന് ശാരീരിക യോഗ്യതകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പ്രായപരിധി: സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നതിന് 32 വയസ്സും മറ്റുസ്ഥാപനങ്ങളിലേക്ക്/ വകുപ്പുകളിലേക്ക് അപേക്ഷിക്കുന്നതിന് 30 വയസ്സുമാണ് പ്രായപരിധി. 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
ശമ്പള സ്‌കെയില്‍: 35,400-1,12,400 രൂപ.

പരീക്ഷ: പേപ്പര്‍-I (കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ), പേപ്പര്‍-II (വിവരണാത്മകം) എന്നിങ്ങനെ രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. രണ്ട് മണിക്കൂറാണ് രണ്ട് പരീക്ഷയുടേയും ദൈര്‍ഘ്യം. സിലബസ് ഇതോടൊപ്പമുള്ള പട്ടികയില്‍.

പരീക്ഷാകേന്ദ്രങ്ങള്‍: കര്‍ണാടക, കേരള റീജണിലാണ് (കെ.കെ.ആര്‍) കര്‍ണാടകയും കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്നത്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐയുടെ ചലാന്‍ വഴിയോ സെപ്റ്റംബര്‍ മൂന്നിനകം അടയ്ക്കണം. ചലാന്‍ വഴി ഫീസടയ്ക്കുന്നവര്‍ അതിനുള്ള ചലാന്‍ സെപ്റ്റംബര്‍ രണ്ടിനകം ജനറേറ്റ് ചെയ്യണം.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ തുടങ്ങിയവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 2.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!