സൗജന്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ: സായിഗ്രാമവും നിംസും കൈകോർക്കുന്നു

സൗജന്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും നിംസ് മെഡിസിറ്റിയും കൈകോർക്കുന്നു. സായികിരൺ എന്നു പേരിട്ടിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം 20-ന് ഉച്ചയ്ക്ക് 12-ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. രജിസ്റ്റർ ചെയ്യുന്ന വൃക്കരോഗികളിൽനിന്ന് നറുക്കെടുപ്പിലൂടെയാകും ശസ്ത്രക്രിയയ്ക്കായി ആളിനെ തിരഞ്ഞെടുക്കുകയെന്ന് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. കേരളത്തിലെ എട്ട് ജില്ലകളിലായി ഒൻപത് സൗജന്യ ഡയാലിസിസ് യൂണിറ്റുകൾ ഇപ്പോൾ സത്യസായി ഓർഫനേജ് ട്രസ്റ്റ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതുവരെ അഞ്ചുലക്ഷത്തിലധികം സൗജന്യ ഡയാലിസിസ് നൽകി. നൂറുകോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി ട്രസ്റ്റ് നടപ്പാക്കിയത്. ഇതിന്റെ അടുത്തഘട്ടമെന്നനിലയിലാണ് സൗജന്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു തുടക്കമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ്-കേരള, അജിത് ബിൽഡിങ്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം 695010. ഫോൺ: 0471-2721422, 9946480139.